- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ റോഡിൽ ഇറങ്ങിയത് കൂലിപ്പണിക്ക് പോകാൻ; പിന്നിലുടെ ഒറ്റയാൻ വരുന്നത് അറിഞ്ഞില്ല; തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ദൂരേക്ക് തെറിച്ചു വീണു; ചിറ്റാറിൽ ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തനംതിട്ട: ഒറ്റയാന്റെ ആക്രമണത്തിൽ യുവാവ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. ചിറ്റാർ പഞ്ചായത്ത് പത്താം വാർഡ് നീലിപിലാവ് ആമക്കുന്ന് മുരുപ്പേൽ വീട്ടിൽ ഷെഫീഖിനെ(28)യാണ് മാതാപിതാക്കളുടെ കണ്മുന്നിൽ വച്ച് ഒറ്റയാൻ അടിച്ചു തെറിപ്പിച്ചത്. ശരീരമാസകലം ഗുരുതരമായ പരുക്കുകളോടെ യുവാവ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് രാവിലെ 6.30 ന് വീടിന് മുന്നിലെ റോഡിൽ വച്ചായിരുന്നു സംഭവം. സ്വകാരയ ബസ് കണ്ടക്ടറായിരുന്നു ഷെഫീഖ്. ലോക്ഡൗൺ കാരണം ബസുകൾ ഓടാതെ വന്നതോടെ കുടുംബം പുലർത്താൻ വേണ്ടി കൂലിപ്പണിക്ക് പോവുകയാണ്. കെട്ടിട നിർമ്മാണത്തിന് മൈക്കാട് ജോലിക്ക് പോകുന്നതിന് വേണ്ടി രാവിലെ റോഡിലേക്കിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. പുറം തിരിഞ്ഞു നിന്ന ഷെഫീഖ് ഒറ്റയാൻ വരുന്നത് കണ്ടില്ല. പാഞ്ഞെത്തിയ ആന ഷെഫീഖിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു നിന്ന മാതാപിതാക്കൾ നിലവിളിച്ചതോടെ ആന സമീപത്തെ വനത്തിലേക്ക് പോയി.
ഇടതു കൈയുടെ തോൾഭാഗം നിരന്തമായി തെന്നി മാറുന്നത് കാരണം അടുത്തിടെ ശസ്ത്രക്രിയ നടത്തി സ്റ്റീൽ റാഡ് വച്ചു പിടിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തിൽ ഈ ഭാഗത്ത് പരുക്ക് സംഭവിച്ചിട്ടുണ്ട്. കാലിനും കൈയ്ക്കും ഒടിവും ചതവുമുണ്ട്. പുറമാസകലം പരുക്കേറ്റു. അടുത്തിടെ ശസ്ത്രക്രിയ ചെയ്ത കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടി വരും. ബന്ധുക്കൾ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ആണ് കൊണ്ടു പോയത്. ഇവിടെ വിശദ പരിശോധന നടത്തി റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനറൽ ആശുപത്രി കോവിഡ് ചികിൽസാ കേന്ദ്രമായതിനാലാണ് മാറ്റം.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് വന്നു. വന്യമൃഗങ്ങളുടെ ഉപദ്രവം കാരണം ഇവിടെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വാർഡ് മെമ്പർ റീന ബിജു പറഞ്ഞു. കാട്ടാന, പന്നി, കാട്ടുപോത്ത്, വിവിധ തരം കിളികൾ, മുയൽ, കേഴ എന്നിവ വിഹരിക്കുന്നത് കാരണം കൃഷി ചെയ്യാൻ കഴിയുന്നില്ല. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കിടങ്ങ് കുഴിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. അത് പാതി വഴിക്ക് നിലച്ചു. ഇതാണ് വന്യമൃഗങ്ങളുടെ ശല്യം വർധിക്കാൻ കാരണം. മുടങ്ങി കിടക്കുന്ന കിടങ്ങ് നിർമ്മാണം ഉടൻ പുനരാരംഗഭിക്കുമെന്ന് റേഞ്ച് ഓഫീസർ പ്രദേശവാസികൾക്ക് ഉറപ്പു നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്