ചിറ്റാർ: യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് കോവിഡ് സെന്റർ മണിയറയാക്കി പീഡിപ്പിച്ച സിപിഎം നേതാവ് രണ്ടു വർഷമായി ഒളിവിൽ. ഒരു ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ തങ്ങളുടെ പണി തീർന്നുവെന്ന മട്ടിൽ പൊലീസും നിസംഗത തുടരുന്നു. ഓർക്കണം ഒരു പീഡന പരാതി കിട്ടി രണ്ടു മണിക്കൂറിനകം പി.സി ജോർജിനെ അറസ്റ്റ് ചെയ്ത അതേ കേരളാ പൊലീസ് തന്നെയാണ് ഈ അനാസ്ഥ കാണിക്കുന്നത്. സീതത്തോട് മംഗലശേരി വീട്ടിൽ മനു എന്ന് വിളിക്കുന്ന എംപി പ്രദീപിനെതിരേ(36)യാണ് മൂഴിയാർ പൊലീസ് സ്റ്റേഷനിൽ പീഡനക്കേസുള്ളത്.

പീഡന പരാതി വരുമ്പോൾ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാൾക്കെതിരേ പെൺകുട്ടി പരാതി നൽകിയപ്പോൾ ഒതുക്കാനുള്ള നീക്കം നടത്തിയത് പാർട്ടിക്കാർ തന്നെയായിരുന്നു. നടക്കാതെ വന്നപ്പോൾ പാർട്ടി നേതൃത്വം ഇയാളെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം ലോക്കൽ കമ്മറ്റിയംഗവും സിപിഎമ്മും ജനീഷ് കുമാർ എംഎൽഎയും ചേർന്ന് കുത്തകയാക്കി കൈവശം വച്ചു പോരുകയും ചെയ്യുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കൂടിയായിരുന്നു മനു.

ജനീഷ്‌കുമാറിന്റെ സന്തത സഹചാരിയായിരുന്നു ഇയാളെന്ന് പറയുന്നു. 2020 നവംബർ 14 നാണ് ഇയാൾക്കെതിരേ പീഡനക്കേസ് എടുത്തത്. 2020 മെയ് മുതൽ ജൂലൈ വരെ രണ്ടര മാസം തുടർച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടർക്കാണ് യുവതി പരാതി നൽകിയത്. കലക്ടർ ഇത് എസ്‌പിക്ക് കൈമാറുകയും മൂഴിയാർ പൊലീസ് കേസെടുക്കുകയുമായിരുന്നു.

ആങ്ങമൂഴിയിൽ മാർത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈൻ സെന്റർ പ്രവർത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസിറ്റീവ് ആയപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം മനുവും ആരോഗ്യപ്രവർത്തകയും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയിൽ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. ഇവിടെ വച്ച് മനു യുവതിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം അരക്കിട്ടുറപ്പിച്ചു.

തുടർന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയിൽ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളിൽ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഒരേ നാട്ടുകാർ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. മനു പീഡനക്കേസിൽ പ്രതിയാകുമെന്ന് വന്നതോടെ പാർട്ടി നേതൃത്വം ഉണർന്നു.

പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ വന്ന സമയത്ത്, ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മനുവിനെതിരേ പീഡന പരാതി ഉയരുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ടാണ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. യുവതിയുടെ നീക്കം മണത്തറിഞ്ഞ മനു ഒളിവിൽ പോവുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ മനുവിന്റെ അറസ്റ്റ് വൈകിപ്പിക്കുക എന്നതായിരുന്നു സിപിഎം ലക്ഷ്യം.

അതിന് ശേഷമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അറസ്റ്റ് നീട്ടിക്കൊണ്ടു പോകാനായിരുന്നു ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ഇതെല്ലാം കഴിഞ്ഞിട്ടും മനുവിനെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല. ആദ്യമൊക്കെ പാർട്ടിയിൽ നിന്നുള്ള സ്വാധീനം ഇക്കാര്യത്തിലുണ്ടായിരുന്നു. ഇപ്പോഴതുമില്ല. മനു ഇപ്പോഴും നാട്ടിൽ വിലസുണ്ടെന്നാണ് പരാതി. ചതിക്കപ്പെട്ട പെൺകുട്ടി ഇപ്പോഴും വേദനയോടെ കഴിയുന്നു.