- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതി; 'ചുരുളി' കാണാൻ പൊലീസ്; പരിശോധിക്കാൻ സമിതി രൂപീകരിച്ചു; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും; ഇനി നിർണായകം സമിതിയുടെ വിലയിരുത്തൽ
തിരുവനന്തപുരം: സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേരള പൊലീസ് 'ചുരുളി' സിനിമ കാണുന്നു. സിനിമ കണ്ടു പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പൊലീസ് സിനിമ കാണുന്നത്.
എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്‌മിൻ എ.സി.പി എ നസീം എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ സിനിമ കാണുക. സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി കുറച്ച് ദിവസം മുൻപ് ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ നേരത്തെ തന്നെ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. .
സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചിത്രത്തിലെ ഭാഷാ പ്രയോഗത്തെ കുറിച്ചും ഹൈക്കോടതി പരമാർശം നടത്തിയിരുന്നു. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുക? ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയിൽ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാൻ സാധിക്കുകയുള്ളു. നിലവിൽ അത്തരം കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് വഴി സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്നാണ് ഹർജിക്കാർ ആരോപിച്ചത്. എന്നാൽ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാൽ ആരെയും നിർബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ