- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ചാരന്മാരെ ചൈനയും റഷ്യയും ഇറാനും കണ്ടെത്തി കൊല്ലുന്നു; ചിലരെ രഹസ്യാന്വേഷണ ഏജൻസികൾ ഡബിൾ ഏജന്റുമാരായും ഉപയോഗിക്കുന്നു; സിഐഎയെ വീഴ്ത്താൻ സംഘടിത അച്ചതണ്ട്; റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സിഐഎയുടെ ശ്രദ്ധയിൽ പാളിച്ചയെന്നും റിപ്പോർട്ട്
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ രഹസ്യന്വേഷണ ഏജൻസിയാണ് സിഐഎ എന്നാണ് വെയ്പ്പ്. എന്നാൽ, പലപ്പോഴും മൊസാദ് അടക്കമുള്ള മറ്റു ചാരസംഘടനകളുമായി തട്ടിച്ചു നോക്കുമ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിരവധി വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ട്. അത്തരം വീഴ്ച്ചകളാണ് പലപ്പോഴും അമേരിക്കയിൽ വേൾഡ് ട്രേയ്ഡ് സെന്റർ ഭീകരാക്രമണത്തിലേക്ക് അടക്കം നയിച്ചത്. ഇപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തിരിച്ചടിയുടെ കാലമാണ്. അമേരിക്കൻ ചാരന്മാരെന്ന് കരുതുന്നവരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ കൂടി വരികയാണ്.
യുഎസിനായി ചാരവൃത്തിക്കു നിയോഗിക്കപ്പെടുന്നവരെ തട്ടിക്കൊണ്ടു പോകുകയോ വധിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പ് നൽകിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. സിഐഎക്ക് പണി കൊടുക്കാൻ ഒരു അച്ചുതണ്ട് തന്നെ രൂപം കൊണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ സിഐഎയ്ക്കു വിവരങ്ങൾ കൈമാറുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുകയോ ചില സന്ദർഭങ്ങളിൽ ഡബിൾ ഏജന്റുമാരായി ഉപയോഗിക്കുകയോ ചെയ്യുന്നു എന്നാണു ലോകത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സിഐഎ സ്റ്റേഷനുകൾക്ക് കൗണ്ടർ ഇന്റലിജൻസ് കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
യുഎസിനായി ചാരവൃത്തി ചെയ്യുന്ന സംഘങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മുന്നറിയിപ്പിൽ പരാമർശമുണ്ട്. 'വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ പിടിയിൽപ്പെടുന്ന യുഎസ് ചാരന്മാരെ അറസ്റ്റു ചെയ്യുന്നതിനു പകരം അവരെ ഡബിൾ ഏജന്റുമാരായി ഉപയോഗിക്കുന്ന സാഹചര്യവുമുണ്ട്. സിഐഎയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് വിദേശ ഏജൻസികൾ ഇത്തരത്തിൽ ചോർത്തിയെടുക്കുന്നത്. ഈ രീതി അവലംബിക്കുന്നതിൽ പാക്കിസ്ഥാനാണു മുന്നിൽ.' റിപ്പോർട്ടിൽ പറയുന്നു.
'യുഎസ് പിന്തുണയോടെ ഭരിച്ച സർക്കാർ അഫ്ഗാനിസ്ഥാനിൽ നിലംപൊത്തിയ സാഹചര്യത്തിൽ താലിബാനുമായുള്ള പാക്കിസ്ഥാൻ ബാന്ധവം കൂടുതൽ ദൃഢമാകുകയാണ്. അതിനാൽ പാക്കിസ്ഥാനിൽ കൂടുതൽ ചാരന്മാരെ വിന്യസിക്കേണ്ടത് സിഐഎക്കു അനിവാര്യമാകുകയാണ്' റിപ്പോർട്ടിൽ പറയുന്നു. 'ബയോമെട്രിക് സ്കാൻ, ഫേഷ്യൽ റെക്കഗ്നിഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങി സിഐഎ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ മനസ്സിലാക്കാനുള്ള ഹാക്കിങ് ടൂളുകൾ കൂടുതൽ ഫലപ്രദമായി വിദേശ രാജ്യങ്ങളിലെ ചാരന്മാർ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പിന്നിട്ട വർഷങ്ങളിൽ സിഐഎ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചാരപ്രവൃത്തിയിൽ മികവ് കാട്ടാനാകാത്ത വിധം 'സോഴ്സു'കളെ കൂടുതൽ ആശ്രയിക്കുന്ന രീതി, വിവരദാതാക്കളെ വേഗം റിക്രൂട്ട് ചെയ്യുന്നതിലൂണ്ടാകുന്ന പാളിച്ചകൾ, മുൻ സിഐഎ ഉദ്യോഗസ്ഥരെ തന്നെ രഹസ്യാന്വേഷണത്തിന് വിനിയോഗിക്കുന്ന ഇതര രാജ്യങ്ങളുടെ രീതി തുടങ്ങിയവയും ഇതിൽ എടുത്തു പറയുന്നു.
പിന്നിട്ട രണ്ടു ദശാബ്ദങ്ങളിൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും മറ്റും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സിഐഎയുടെ ശ്രദ്ധയിൽ പാളിച്ചയുണ്ടായതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതിനിടെ ഇന്ത്യയിൽ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിൻഡ്രോം കണ്ടെത്തിയതായി റിപ്പോർട്ടും പുറത്തുവന്നിരുന്നു. സിഐഎ ഡയറക്ടർ വില്യം ബേൺസിനൊടൊപ്പം ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിൻഡ്രോം ബാധിച്ചതെന്നാണ് വിവരം.
2016 മുതൽ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരിൽ കണ്ടെത്തുന്ന അജ്ഞാത രോഗമാണ് ഹവാന സിൻഡ്രോം. സെപ്റ്റംബർ തുടക്കത്തിൽ സിഐഎ ഡയറക്ടർ ബിൽ ബേൺസ് സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഇതിനോടകം അമേരിക്കയിലെ ഉന്നതതലത്തിൽ വരെ ആശങ്കക്ക് കാരണമായ ഹവാന സിൻഡ്രോം ഒരു മാസത്തിനിടെ സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016 ൽ ക്യൂബയിലെ ഹവാനയിൽ വച്ചാണ് അമേരിക്കയിലെ നയതന്ത്രഉദ്യോഗസ്ഥരിൽ അജ്ഞാതമായ ഈ രോഗം ആദ്യം കണ്ടെത്തുന്നത്.
ക്യൂബ സന്ദർശനത്തിനിടെ നയതന്ത്ര ഉദ്യോഗസ്ഥരിൽ ചെവിക്കുള്ളിലെ മൂളലും, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകലും ഓർമ്മക്കുറവും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടത്തി. പിന്നീട് റഷ്യയിലും ചൈനയിലും ഓസ്ട്രിയയിലും സംഭവം ആവർത്തിച്ചു. ഇതോടെ ഹവാന സിൻഡ്രോം എന്ന് പേരിട്ട രോഗത്തെ ഗൗരവതരമായി നിരീക്ഷിക്കാൻ അമേരിക്ക ആരംഭിച്ചു.
കഴിഞ്ഞ മാസം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്നാം യാത്ര മൂന്ന് മണിക്കൂർ നേരം തടഞ്ഞത് തന്നെ ഒരു ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്നാണെന്നാണ് വിവരം. ഇന്ത്യയിൽ വച്ച് ഹവാന സിൻഡ്രോം ലക്ഷണങ്ങൾ കണ്ടെത്തിയ സിഐഎ ഉദ്യോഗസ്ഥനെ അടിയന്തരമായി ചികിത്സക്ക് വിധേയനാക്കിയിട്ടുണ്ട്. ഹവാന സിൻഡ്രോം അമേരിക്കൻ നയതന്ത്ര, രഹസ്യാന്യേഷ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണമാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും കൃത്യമായി സ്ഥിരീകരിക്കാൻ സിഐഎക്ക് സാധിച്ചിട്ടില്ല. ഇതുവരെ മുന്നൂറിലധികം ഉദ്യോഗസ്ഥരിൽ രോഗം സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം പേരും സിഐഎ ഉദ്യോഗസ്ഥരാണ്.എ
മറുനാടന് ഡെസ്ക്