- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശേഷിപ്പ്' ഐഎഫ്എഫ്കെയിലേക്ക്; തിരഞ്ഞെടുക്കപ്പെട്ടത് 'മലയാളം സിനിമ ടുഡേ' വിഭാഗത്തില്‍; മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളടക്കം നേടിയ 'പല്ലൊട്ടിക്ക്' ശേഷം വീണ്ടും അംഗീകാര നിറവില്‍ സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സ്
'ശേഷിപ്പ്' ഐഎഫ്എഫ്കെയിലേക്ക്
ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന, മുപ്പതാമത് ഐഎഫ്എഫ്കെയിലേക്ക് നവാഗതരായ ശ്രീജിത് എസ് കുമാര്‍- ഗ്രിറ്റോ വിന്‍സെന്റ് എന്നിവര്‍ സംവിധാനം ചെയ്ത ശേഷിപ്പ് എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര മേളയിലെ 'മലയാളം സിനിമ ടുഡേ' വിഭാഗത്തിലേക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 2023 മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം, മികച്ച പിന്നണി ഗായകന്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'പല്ലൊട്ടി 90സ് കിഡ്‌സ്' എന്ന ചിത്രത്തിന് ശേഷം സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിധിന്‍ രാധാകൃഷ്ണന്‍ -സാജിദ് യഹിയ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണ് ശേഷിപ്പ്.
മീനാക്ഷി ജയന്‍, റാഷിദ് റഹ്‌മാന്‍, രാജന്‍ പൂത്തറക്കല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. സംവിധായകരായ ശ്രീജിത് എസ് കുമാര്‍, ഗ്രിറ്റോ വിന്‍സെന്റ് എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം. ഛായാഗ്രഹണം ടെനില്‍ സെബി, എഡിറ്റിങ് ഡാനി ഡേവിഡ്, മ്യൂസിക് നിക്‌സണ്‍ ജോയ് തുടങ്ങിയവര്‍ നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ഇത്തവണത ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 മലയാള ചിത്രങ്ങളില്‍ ഒമ്പത് എണ്ണവും നവാഗതരുടെതാണ്.
സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യം സംരംഭമായ,തൊണ്ണൂറുകളിലെ ബാല്യത്തിന്റെ മധുരമൂറുന്ന 'പല്ലൊട്ടി 90'സ് കിഡ്സ്' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. 2023-ലെ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്‍, മികച്ച ബാലതാരം (ആണ്‍) എന്നീ പുരസ്‌കാരങ്ങളാണ് പല്ലൊട്ടി ടീം സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷിന് മികച്ച ബാലതാര (ആണ്‍)ത്തിനുള്ള പുരസ്‌കാരം നേടി. പല്ലൊട്ടിയിലെ 'കനവേ മിഴിയിലുണരൂ' എന്ന ഗാനം പാടിയ കപില്‍ കപിലനാണ് മികച്ച ഗായകന്‍. കണ്ണന്‍, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ഈ ചിത്രം 90 കളിലെ തലമുറയ്ക്ക് മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കുന്നതിനൊപ്പം പുതിയ തലമുറയിലെ കുട്ടികളെ കൂടി ആകര്‍ഷിക്കുന്ന സിനിമയായിരുന്നു.




