തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുമൊക്കെ കാരണം പ്രതിസന്ധിയിലായ മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലേക്ക്. ഓണം റിലീസോടെ നിലവിലെ സിനിമയുടെയും തിയേറ്ററിലെയും പ്രതിസന്ധി മറികടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകരും തിയേറ്റര്‍ ഉടമകളും. ഓണക്കാലത്തെ സിനിമാക്കാഴ്ചകള്‍ ആവേശം പകരാന്‍ ആസിഫ് അലി ചിത്രം കിഷ്‌കിന്ധ കാണ്ഡം സെപ്തംബര്‍ 12 ന് എത്തും.

ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ക്യാമറ വര്‍ക്കുകളും ട്രെയ്ലര്‍ പുറത്തെത്തിയതിന് പിന്നാലെ ചര്‍ച്ചയാകുന്നുണ്ട്. ബാഹുല്‍ രമേഷാണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത്.

പേര് ഇത്തരത്തിലാണെങ്കിലും പുരാണവുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്നു സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രാമായണത്തില്‍ ബാലിയുടേയും സുഗ്രീവന്റേയും രാജ്യമാണ് കിഷ്‌ക്കിന്ധ. പക്ഷേ ഈ സിനിമയില്‍ പുരാണവുമായി ബന്ധമൊന്നുമില്ല. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ ഒരു ഭാഗമാണ് കുരങ്ങന്മാര്‍. കുരങ്ങന്മാരല്ലാതെ വേറെയും ജീവജാലങ്ങളുണ്ട്. വനപ്രദേശത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വലിയൊരു തറവാടുവീട്ടിലാണ് കഥ നടക്കുന്നത്. അപ്പോള്‍ ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പേരുവേണമെന്ന് തോന്നി. കഥയ്ക്ക് സാധാരണ പേരിട്ടാല്‍ ശരിയാവില്ലെന്ന് തോന്നി. അങ്ങനെയാണ് കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരിലേക്കെത്തുന്നതെന്നും സംവിധായകന്‍ പറയുന്നു.

'എ ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള' എന്നായിരുന്നു ആദ്യത്തെ പേര്. വിജയരാഘവന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് അപ്പുപ്പിള്ള. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പേരും അത്തരത്തില്‍ ആയാല്‍ പെട്ടെന്ന് ആള്‍ക്കാര്‍ക്ക് ചിത്രത്തെക്കുറിച്ചുള്ള സുചന കിട്ടും. അങ്ങനെയാണ് പേര് മാറ്റാന്‍ തീരുമാനിക്കുന്നത്. പിന്നെ ഇതിനോട് സാദൃശ്യമുള്ള മറ്റുപേരുകളും ആളുകളുടെ മനസിലേക്ക് വരും. അതോടെ വളരെ ഫ്രഷ് ആയൊരു പേരിനായുള്ള അന്വേഷണമായി. അങ്ങനെ കിഷ്‌ക്കിന്ധാ കാണ്ഡം എന്ന പേരിലേക്കെത്തി.


അപര്‍ണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ വിജയരാഘവന് പുറമെ ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.ഇതില്‍ ജഗദീഷ്, അശോകന്‍, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

'സുമദത്തന്‍' എന്ന കഥാപാത്രമായി ജഗദീഷും 'ശിവദാസന്‍' എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ 'സുധീറി'നെയാണ് നിഷാന്‍ അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിലൂടെ നീണ്ട ഇടവേളക്ക് ശേഷം നിഷാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാഗമായ നിഴല്‍കള്‍ രവി ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'അമൃത് ലാല്‍' എന്നാണ് നിഴല്‍കള്‍ രവിയുടെ കഥാപാത്രത്തിന്റെ പേര്. 'ഇടുക്കി ഗോള്‍ഡ്' എന്ന ചിത്രത്തിലൂടെ അഭിയത്തിലേക്ക് ചുവടുവെച്ച താരമാണ് ഷെബിന്‍ ബെന്‍സണ്‍. ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരം ഈ ചിത്രത്തില്‍ 'പ്രശോഭ്' എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെയാണ് പുറത്തുവിട്ടത്.വാനരലോകം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം മുരളീധരനാണ്. മുജീബ് മജീദ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനും മൈമയും ചേര്‍ന്നാണ്.


ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.