തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ഇക്കഴിഞ്ഞ യോഗം നിരവധി കാരണങ്ങളാല്‍ ശ്രദ്ധ നേടിയിരുന്നു.അതില്‍ പ്രധാനം വര്‍ഷങ്ങളായി സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഇടവേള ബാബുവിന്റെ പടിയിറക്കം തന്നെയാണ്.സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നൊക്കെ താരം പറഞ്ഞെങ്കിലും സ്ഥാനം ഒഴിയാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല.എന്നാല്‍ ഇപ്പോഴിതാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.

നമ്മള്‍ ചെയ്ത നല്ല കാര്യങ്ങള്‍ നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആളുകള്‍ ചര്‍ച്ച ചെയ്യണമെന്നും അതിന് അത്തരം സ്ഥാനങ്ങളില്‍ നിന്നു നമ്മള്‍ മാറി നിന്നേ മതിയാകുവെന്നുമാണ് ഇടവേള ബാബു പറയുന്നത്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ ഉള്‍പ്പടെ മനസ്സ് തുറന്നത്.അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

കാല്‍ നൂറ്റാണ്ട് ചെറിയൊരു കാലയളവല്ല. 25 വര്‍ഷം മുന്‍പുള്ള വയസ്സല്ല എന്റെത്. സ്വാഭാവികമായും എന്റെ ചിന്തകള്‍ക്കും മാറ്റമുണ്ട്. മാറ്റം അനിവാര്യമാണ്.പുതിയ തലമുറ വരണം.ഞാന്‍ മാറിയില്ലെങ്കില്‍ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നല്‍ അപടകരമാണ്. ആ ചിന്ത വന്നാല്‍ അമ്മ മുന്നോട്ടു പോവില്ല.നമ്മള്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തിരിച്ചറിയണമെന്നുണ്ട്. ഈ സ്ഥാനത്തു നിന്ന് ഞാന്‍ മാറി നിന്നാലേ അമ്മയ്ക്കു വേണ്ടി ഞാനെന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അനുഭവിക്കാനാവൂ.

ആറു വര്‍ഷമായി പ്രസിഡന്റ് ലാലേട്ടനാണ്. എത്രയോ രേഖകളില്‍ ഒപ്പിടുന്നു.പലപ്പോഴും ചേട്ടനതു വായിച്ചു നോക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നിയിട്ടുണ്ട്. അതൊരു വിശ്വാസമാണ്. എന്റെ ജോലിഭാരം തിരിച്ചറിഞ്ഞിട്ടാവാം ഒരിക്കല്‍ ലാലേട്ടന്‍ പറഞ്ഞു, 'ബാബു തുടരണമെന്നു ഞാന്‍ ഒരിക്കലും പറയില്ല, അത്രമാത്രം സ്ട്രെയിന്‍ എടുക്കുന്നുണ്ട്. പക്ഷേ, അതു പലരും കാണാതെ പോവുന്നു'. സത്യമാണ് ലാലേട്ടന്‍ പറഞ്ഞത്. ബിപിയുടെ രണ്ടു ഗുളികയാണ് ദിവസവും ഞാന്‍ കഴിക്കുന്നത്. താരനിശകളുടെ സംവിധാനം മുതല്‍ ഓഫീസ് ബോയ് യുടെ ജോലി വരെ ചെയ്യുന്നുണ്ട്.

കഴിഞ്ഞ വാര്‍ഷികയോഗത്തില്‍ മമ്മൂക്ക വികാരഭരിതമായി സംസാരിച്ചു. 'ബാബുവിനെ വിട്ടിട്ട് ഒരമ്മയില്ല, കാരണം ബാബുവാണ് ഇതിന്റെ ഡ്രൈവര്‍. ഡ്രൈവറില്ലാതെ യാത്രക്കാരും കണ്ടക്ടറും ചെക്കറും ബസില്‍ കയറി ഇരുന്നിട്ടു കാര്യമുണ്ടോ'പല തലമുറയില്‍ പെട്ട പ്രഗത്ഭര്‍ക്കൊപ്പം അവരുടെ ഏറ്റവും അടുത്തയാളായി നില്‍ക്കാനായതു മഹാഭാഗ്യമാണ്. മധു സാര്‍ മുതല്‍ ഷെയിന്‍ നിഗം വരെയുള്ളവര്‍ അവരുടെ ഏറ്റവും അടുത്തയാളോടെന്ന പോലെ സംസാരിക്കും. ഇത്തരം അനുഭവങ്ങള്‍ ഞാനൊരു നടന്‍ മാത്രമായിരുന്നെങ്കില്‍ കിട്ടണമെന്നില്ല. അമ്മ എന്ന പ്രസ്ഥാനത്തിന്റെ ബലം കൊണ്ടാണ് ഈ അടുപ്പം കിട്ടിയതെന്നും അദ്ദേഹം പറയുന്നു.

സ്ഥാനമൊഴിയുമ്പോള്‍ ഉളള മാനസികാവസ്ഥയും ഇടവേള ബാബു പങ്കുവെക്കുന്നുണ്ട്.അടുത്ത മീറ്റിങു മുതല്‍ എന്റെ സ്ഥാനം വേദിയിലല്ല, സദസിലെ ഒരറ്റത്താവുമെന്ന് അറിയാം. അതിനുവേണ്ടി തയാറെടുത്തു കഴിഞ്ഞു. പിന്നെ മനുഷ്യന്‍ അല്ലേ തീര്‍ച്ചയായും ചിലരുടെ പെരുമാറ്റങ്ങള്‍ മനസ്സില്‍ തട്ടും. എന്നെക്കാള്‍ കൂടുതല്‍ ഞാന്‍ അമ്മയെ സ്നേഹിച്ചതുകൊണ്ടാവാം അമ്മയിലെ പ്രശ്നങ്ങള്‍ എന്റെ വേവലാതികളായി മാറിയത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരും. സെറ്റിലെ പ്രശ്നങ്ങള്‍ മുതല്‍ താരങ്ങളുടെ പ്രതിഫലകാര്യങ്ങള്‍ വരെ. ആരെയും പിണക്കാതെ പരിഹരിക്കാനാണു ശ്രമം. ഞാന്‍ കാരണം ഒരു ഷൂട്ടും നിര്‍ത്തിവച്ചിട്ടില്ല. എന്തു പ്രശ്നമാണെങ്കിലും ണ്ടെങ്കിലും ഷൂട്ട് തടസപ്പെടാതെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇരുപത്തിയഞ്ച് വര്‍ഷക്കാലത്തെ സെക്രട്ടറി പദവിയില്‍ നേരിട്ട വെല്ലുവിളികളും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. ഒരുപാട് വിവാദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. തിലകന്‍ ചേട്ടനെ സംഘടനയില്‍ നിന്നു പുറത്താക്കിയ സംഭവം, ഷമ്മി തിലകനുമായുള്ള പ്രശ്നങ്ങള്‍, ഡബ്ല്യൂസിസി സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍, ദിലീപ് സംഭവം അങ്ങനെ കുറേ പ്രതിസന്ധികളിലൂടെ കടന്നു പോയി. എടുത്ത തീരുമാനങ്ങളെല്ലാം സംഘടനയുടെ നിയമപ്രകാരമാണ്. അതുകൊണ്ടു തന്നെ തെറ്റുപറ്റി എന്ന തോന്നലുമില്ല. പല അനാവശ്യ വിവാദങ്ങളെയും മറികടന്നു. ഇനിയും അത്തരം പ്രശ്നങ്ങള്‍ കൂടാനാണു സാധ്യത.

'അമ്മ' സംഘടന രൂപീകരിച്ച സമയത്ത് അംഗങ്ങള്‍ക്ക് രാഷ്ട്രീയ ചായ്വേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ പലരും സജീവ രാഷ്ട്രീയപ്രവര്‍ത്തകരാണ്. അതുമൂലമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സംഘടനയിലേക്കു കടന്നു വരാം. ഏറ്റവും ഒടുവില്‍ ലോക്സഭാ ഇലക്ഷന്റെ പ്രചാരണത്തിനിടയില്‍ സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാറിന്റെ പ്രസ്താവന തന്നെ ഉദാഹരണം. അതു വേണ്ടിയിരുന്നില്ലെന്നു തോന്നി. എല്ലാവരും അമ്മയുടെ മക്കള്‍ അല്ലേ.

സോഷ്യല്‍ മീഡിയ വന്നതോടെ സംഘടനയില്‍ ഒതുങ്ങി നിന്നിരുന്ന തുറന്നു പറച്ചിലുകള്‍ പൊതുജനമധ്യത്തിലേക്കെത്തി.അഭിപ്രായ സ്വാതന്ത്ര്യമല്ലേ എന്നു ചോദിച്ചാല്‍ ശരിയാണ്.പക്ഷേ, സംഘടനയുടെ കെട്ടുറപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ശരിയാണോ എന്നാലോചിക്കണം.സത്യം എന്താണെന്ന് പോലുമറിയാതെയുള്ള ആക്രമണങ്ങളാണ് പലതെന്നും ഇടവേള ബാബു പറഞ്ഞുവെക്കുന്നു