- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൺ വൈബിൽ യുവതാരങ്ങൾ; 'ഖജുരാഹോ ഡ്രീംസി'ന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഡിസംബർ 5-ന് തിയറ്ററുകളലേക്ക്
കൊച്ചി: യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന മൾട്ടി സ്റ്റാർ ചിത്രം 'ഖജുരാഹോ ഡ്രീംസി'ന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ റിലീസിനെത്തുന്ന ഒരു റോഡ് മൂവിയായ 'ഖജുരാഹോ ഡ്രീംസ്' ഡിസംബർ 5-ന് തിയറ്ററുകളിലെത്തും.
പുരാതന ചുവർച്ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്ര നഗരമായ ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുണ്ടാകുന്ന ആകാംഷയും രസകരവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. മാറുന്ന കാലഘട്ടത്തിലെ യുവത്വത്തിന്‍റെ പുതിയ ലോകം തുറന്നുകാട്ടുന്ന ഈ ചിത്രത്തിന് യു/എ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യൂത്ത് പ്രേക്ഷകരെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും നർമ്മ മുഹൂർത്തങ്ങളും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസറാണ് നിർമ്മിച്ചിരിക്കുന്നത്. സേതു തിരക്കഥയൊരുക്കിയ ഈ ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവരെ കൂടാതെ അതിഥി രവി, ചന്തുനാഥ്, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദ്ദിഖ്, വർഷ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സരേഗമ മ്യൂസിക് പാർട്ണറായ ഈ ചിത്രത്തിലെ ഗോപി സുന്ദർ ഈണം നൽകി അടുത്തിടെ പുറത്തിറങ്ങിയ 'ശിലയൊരു ദേവിയായ്..' എന്ന ഗാനം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രദീപ് നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. വാഴൂർ ജോസാണ് ചിത്രത്തിന്‍റെ പിആർഒ.




