കൊച്ചി: മലയാളത്തിലെ ക്ലാസിക് ചിത്രം 'അമരം' വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്. ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മമ്മൂട്ടിയാണ് നായക വേഷത്തിലെത്തിയത്. ചിത്രം നവംബർ 7 മുതൽ 4k മികവോടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 1991-ൽ പുറത്തിറങ്ങിയ ചിത്രം 34 വർഷങ്ങൾക്ക് ശേഷമാണ് പുത്തൻ സാങ്കേതികവിദ്യയോടെ പുനരവതരിപ്പിക്കുന്നത്.

ലോഹിതദാസിൻ്റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ 'അമരം', മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ 'അച്ചൂട്ടി'യെ സമ്മാനിച്ച ചിത്രമാണ്. മുരളിയും അശോകനും മാതുവും അടക്കമുള്ള താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. ചെമ്മീനിന് ശേഷം കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ മികച്ച ചിത്രമെന്ന വിശേഷണവും 'അമരത്തി'ന് സ്വന്തമാണ്. വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മനോഹരമായി പകർത്തപ്പെട്ട ദൃശ്യങ്ങൾ ഇത്തവണ 4കെ മികവോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

കടലിന്റെയും തീരദേശ ജനതയുടെയും ജീവിതം ഹൃദ്യമായി അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് ബാബു തിരുവല്ലയാണ്. സാബു സിറിലിന്റെ കലാസംവിധാനവും ചിത്രത്തിന് മുതൽക്കൂട്ടായി. രവീന്ദ്രൻ്റെ സംഗീതവും കൈതപ്രം എഴുതിയ ഗാനങ്ങളും ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കാലാതിവർത്തിയായ സൗന്ദര്യം നൽകി. കേരളത്തിൽ ഫിയോക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഓവർസീസ് വിതരണം സൈബർ സിസ്റ്റംസ് നിർവഹിക്കുന്നു.