കൊച്ചി: ആസിഫ് അലി നായകനായെത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഈ മാസം 17 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നതോടെ റിലീസ് മാറ്റുകയായിരുന്നു. ഇപ്പോഴിതാ റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലിയും സംവിധായകന്‍ സേതുനാഥ് പദ്മകുമാറും നിര്‍മാതാവ് നൈസാം സലാമും.

പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങള്‍ വന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിര്‍മാതാവും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മൂവരും ഇക്കാര്യം വിശദീകരിച്ചത്. പ്ലാന്‍ ചെയ്തിരുന്നതു പോലെ ഏപ്രില്‍ 17ന് തന്നെ ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷയെന്ന് സംവിധായകന്‍ സേതുനാഥ് പദ്മകുമാര്‍ പറഞ്ഞു.

അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങള്‍ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിഡിയോയില്‍ പറഞ്ഞു. നിര്‍മാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കൈയില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയില്‍ തെളിയിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെന്നും സേതുനാഥ് പറഞ്ഞു.

ആരോപണങ്ങളില്‍ വിഷമമുണ്ടെന്ന് ആസിഫ് അലിയും പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അനുകൂല വിധി സമ്പാദിച്ച് അടുത്തമാസം സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും നിര്‍മാതാവ് നൈസാം സലാം പ്രതികരിച്ചു. ആരോപണമുന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.

കാശ് കൊടുത്ത് ഒത്തുതീര്‍പ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോള്‍ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാന്‍ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കി. രണ്ടു തവണയാണ് ആഭ്യന്തര കുറ്റവാളിയുടെ റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്റെ ആദ്യ നിര്‍മാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പങ്കാളികള്‍ ഇപ്പോഴത്തെ നിര്‍മാതാവായ നൈസാം സലാമിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് മുടങ്ങിയത്.