കൊച്ചി: പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്. ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് ബസൂക്കയുടെ ട്രെയിലർ പുറതിറങ്ങിയത്. ട്രെയിലറിലും മാസ് ലുക്കിലാണ് മമ്മൂട്ടി. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്‌ലർ. കൊച്ചി എ.സി.പി ബെഞ്ചമിന്‍ ജോഷ്വയായി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വേഷമിടുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഇത്തവണയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു. ടീസറിനും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗോളതലത്തില്‍ ഏപ്രില്‍ 10 നാണ് ബസൂക്ക റിലീസ് ചെയ്യുന്നത്.

കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ബസൂക്കയില്‍ അഭിനയിക്കുന്നുണ്ട്. നിമേഷ് രവി ആണ് ഛായാഗ്രാഹണം. എഡിറ്റിംഗ് നിഷാദ് യൂസഫ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ സാഹില്‍ ശര്‍മ, സെക്കന്റ് യൂണിറ്റ് ക്യാമറ റോബി വര്‍ഗീസ് രാജ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എം എം, കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനം മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്‌സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിഷ്ണു സുഗതന്‍, പിആര്‍ഒ ശബരി.