കൊച്ചി: മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രം ബസൂക്ക റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വേഷവുമായെത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. ബോക്‌സോഫീസില്‍ ചിത്രം മുന്നേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ബസൂക്ക ഇതുവരെ 15 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 8.31 കോടി കടന്ന ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്നും 50 ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 3.25 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് 1.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ കളക്ഷന്‍ ലഭിച്ചത്.

രണ്ടാം ദിവസം ബസൂക്ക 2.1 കോടി നേടിയപ്പോള്‍ മൂന്നാം ദിനത്തില്‍ കളക്ഷന്‍ കുറഞ്ഞിരുന്നു. മൂന്നാം ദിവസം 1.85 കോടി രൂപ മാത്രമാണ് ബസൂക്കയ്ക്ക് നേടാന്‍ സാധിച്ചത്. നാലാം ദിവസം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 1.01 കോടി രൂപയാണ് എന്നാണ് ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്‍ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, സ്ഫടികം ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്.