കൊച്ചി: മാർക്കോ എന്ന ഒറ്റ ചത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നിരവധി പേർ ഇതിനോടകം താരത്തെ പ്രശംസിച്ച് രംഗത്തെത്തി. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോയായി ഉണ്ണി മുകുന്ദൻ മാറിയിരിക്കുകയാണെന്ന് അഖിൽ പറയുന്നു. പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയമെന്നും അഖിൽ പറഞ്ഞു. തന്റെ ഫേസ്ബുക്കിൽ ഇരുവരുമുള്ള ചിത്രം പങ്ക് വെച്ചുകൊണ്ടായിരുന്നു അഖിൽ മാരാരുടെ കുറിപ്പ്.

"2014ൽ ഇടപ്പള്ളിയിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ ആദ്യമായി ഞാൻ ഉണ്ണിയെ കാണുമ്പോൾ ആ വീടിന്റെ ഭിത്തിയിൽ സൂപ്പർ മാനും, ബ്രൂസ് ലിയും, ജാക്കി ചാനും ഒക്കെ ആയിരുന്നു. 10 വർഷം പിന്നിടുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റ് അടിച്ച ഒരു ചിത്രത്തിന്റെ ആക്ഷൻ ഹീറോ. വീടിന്റെ ഭിത്തിയിൽ അല്ല പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ ആയി ഉണ്ണി മാറിയിരിക്കുന്നു. കയറ്റവും ഇറക്കവും ആയിരുന്നില്ല ഉണ്ണിയുടെ കരിയർ. പരാജയങ്ങളുടെ പടു കുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയം. മുന്നോട്ടുള്ള യാത്രക്ക് എല്ലാ വിധ ആശംസകളും", എന്നാണ് അഖിൽ മാരാർ കുറിച്ചത്.


അതേസമയം, ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവുമായി മുന്നേറുകയാണ് 'മാർക്കോ'. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം അന്യഭാഷ ബോക്സ് ഓഫീസിലും വലിയ നേട്ടമാണുണ്ടാക്കിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രം ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിലെത്തിയ ചിത്രം ടാഗ്‌ലൈനോട് നൂറ് ശതമാനം കൂറ് പുലർത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്.