- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു, മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നു'; വിജയ് ചിത്രം ‘ജനനായക’നെതിരെ പരാതി; സംവിധായകനേയും നിർമാതാവിനേയും അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യൻ നാഷണൽ ലീഗ്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രമായ ‘ജനനായക’നെതിരെ പരാതിയുമായി ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). ചിത്രം മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഐഎൻഎൽ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്ദുൾ റഹിം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി. വിജയ്, സംവിധായകൻ എച്ച്. വിനോദ്, നിർമാതാവ് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിൽ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുണ്ടെന്നാണ് പാർട്ടിയുടെ ആരോപണം. ഗ്രാമത്തിലെ ആഘോഷത്തിനിടെ മുസ്‌ലിം വ്യക്തി പൊതുസ്ഥലത്ത് ബോംബ് വെക്കുന്നതായി ട്രെയ്‌ലറിൽ കാണിക്കുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് പുറത്തിറങ്ങിയ ‘തുപ്പാക്കി’, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങളിലും വിജയ് മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകാതിരുന്നിട്ടും ട്രെയ്‌ലർ വഴി വിദ്വേഷം പ്രചരിപ്പിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് തടയാനും കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ നീക്കമാണിതെന്നും ഐഎൻഎൽ ആരോപിക്കുന്നു. നടൻ ജോസഫ് വിജയ്, സംവിധായകൻ എച്ച്. വിനോദ്, കെവിഎൻ പ്രൊഡക്ഷൻസ് ഉടമ എന്നിവർക്കെതിരെ കർശന നടപടി വേണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, ചിത്രം റിലീസിനു മുൻപേ ഇന്റർനെറ്റിൽ ചോർന്നത് തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ ഹൈ ക്വാളിറ്റി പ്രിന്റാണ് പൈറസി വെബ്‌സൈറ്റുകൾ വഴി പ്രചരിക്കുന്നത്. സംഭവത്തിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ‘ജനനായകൻ’. എന്നാൽ സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് മാസമായി റിലീസ് അനിശ്ചിതത്വത്തിലാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലറിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്.


