ചെന്നൈ: ദളപതി വിജയ് ചിത്രം 'ജനനായകൻ' റിലീസിന് മുൻപ് ഓൺലൈനിൽ പ്രചരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. സിനിമയുടെ കോപ്പി ചോർന്നതിന് പിന്നിൽ കേന്ദ്രമാണെന്നും സിനിമാ മേഖലയിലുള്ളവരെ ഭീഷണിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മാണിക്യം ടാഗോർ എംപി ആരോപിച്ചു. എന്നാൽ ആരോപണം നീചമാണെന്ന് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചു.

സിനിമയുടെ പകർപ്പ് കേന്ദ്രത്തിന്റെ കൈവശമാണെന്നും നിർമ്മാതാവ് ഒരിക്കലും സ്വന്തം ചിത്രം ചോർത്തില്ലെന്നും മാണിക്യം ടാഗോർ വ്യക്തമാക്കി. സാധാരണഗതിയിൽ ഒരു സിനിമ പൂർത്തിയായാൽ അതിന്റെ ഒരു കോപ്പി നിർമ്മാതാവിന്റെ പക്കലും മറ്റൊന്ന് സെൻസർ ബോർഡിന് നൽകാനുമാണ് ഉണ്ടാവുകയെന്നും, ഈ രണ്ട് ഇടങ്ങളിലല്ലാതെ ചിത്രം മറ്റെവിടെയും ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിൽ സമർപ്പിച്ച കോപ്പി കേന്ദ്ര സർക്കാരിന്റെ പക്കലാണുള്ളതെന്നും, നിർമ്മാതാവ് സ്വന്തം ചിത്രം നശിപ്പിക്കാൻ മുതിരില്ലെന്നിരിക്കെ കേന്ദ്രത്തിന്റെ പക്കലുള്ള കോപ്പിയാണ് പുറത്തുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തങ്ങൾക്കെതിരെ തിരിയുന്നവർക്ക് എന്ത് സംഭവിക്കുമെന്ന് സിനിമാ പ്രവർത്തകരെ ബോധ്യപ്പെടുത്തി അവരെ ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണിതെന്നും എംപി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെ. അണ്ണാമലൈ പറഞ്ഞു. സിനിമ ചോർന്നതിൽ കേന്ദ്രത്തിന് പങ്കുണ്ടെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീചമായ ആരോപണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ 'ജനനായകനെ' കാത്തിരിക്കുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്നാണ് നീണ്ടുപോയത്. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തുടരുന്നതിനിടെ, ഏപ്രിൽ പത്തിന് സിനിമയുടെ എച്ച്.ഡി പകർപ്പ് പൈറസി സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത് സിനിമാലോകത്തെ ഞെട്ടിച്ചു.