കൊച്ചി: ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റ ടീസർ റിലീസായിരുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ തകർത്താടാൻ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.

എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് റിലീസ് ചെയ്യുന്നു എന്നതാണ് വിവരം. പതിനെട്ട് ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുവെന്നാണ് പൃഥ്വിരാജ് പങ്ക് വെച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. അപ്ഡേറ്റ് പുറത്തെത്തിയതോടെ വലിയ ആകാംക്ഷയിലാണ് ആരാധകർ. കഥാപാത്രങ്ങൾ ചെയ്ത താരങ്ങളുടെ എക്സ്പീരിയൻസ് അടങ്ങുന്ന വീഡിയോയാവും പുറത്ത് വിടുന്നതെന്നാണ് സൂചന.



നാളെ മുതൽ പതിനെട്ട് ദിവസം രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക. മാർച്ച് 27ന് എമ്പുരാന്‍ റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ ലൂസിഫറില്‍ ഉണ്ടായിരുന്ന ഏതാനും ചില അഭിനേതാക്കളും ഉണ്ടാകും. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി, എബ്രാം ഖുറേഷി എന്നീ രണ്ട് മോഹന്‍ലാല്‍ കഥാപാത്രത്തെ ചിത്രത്തില്‍ കാണാനാകുമെന്നാണ് കരുതപെടുന്നത്.