കൊച്ചി: നീരജ് മാധവിനെ നായകനാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ'യുടെ ആകാംക്ഷയുണർത്തുന്ന ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിൽ അന്യഗ്രഹജീവിയായി അൽത്താഫ് സലീം എത്തുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് വീഡിയോ നൽകുന്ന സൂചന. അൽത്താഫിനൊപ്പം അജു വർഗീസിന്റെ വേറിട്ട മേക്കോവറും സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. അർഷ ബൈജുവാണ് ചിത്രത്തിലെ നായിക.

വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാറും രശ്മി രജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹണം. നിയാസ് മുഹമ്മദിന്റേതാണ് രചന. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീതവും നിർവ്വഹിക്കുന്നു.

പ്രോസ്തെറ്റിക് മേക്കപ്പിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ റോണക്സ് സേവ്യറാണ് മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സ്റ്റെഫി സേവ്യറാണ് കോസ്റ്റ്യൂം ഡിസൈനർ. രാഖിൽ (ആർട്ട്), ജാവേദ് ചെമ്പ് (പ്രൊഡക്ഷൻ കൺട്രോളർ), ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ (സൗണ്ട് ഡിസൈൻ), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിങ്) എന്നിവരും അണിയറയിലുണ്ട്.