- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫാലിമി' സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ; ലോക്കൽ ഗ്യാങ്സ്റ്ററായി മമ്മൂട്ടി; ആകാംഷയോടെ ആരാധകർ

കൊച്ചി: നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററിന്റെ കഥ പറയുന്ന ഈ ചിത്രം മമ്മൂട്ടിയുടെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. 'ഫാലിമി' എന്ന ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന ഈ പുതിയ പ്രോജക്റ്റിന്മേൽ വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്ത്.
കഥ കേട്ടപ്പോൾ മമ്മൂട്ടിക്ക് ഏറെ താൽപ്പര്യം തോന്നിയെന്നും, ആക്ഷൻ വിഭാഗത്തിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും നിതീഷ് സഹദേവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. "കഥ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് കണക്ട് ആയി. ഒരു റീഡിങ്ങ് കൂടി ഇരിക്കാമെന്ന് പറഞ്ഞു. അടുത്ത റീഡിങ്ങിൽ അത് ശരിയായി. സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നറാണ്. അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്," നിതീഷ് പറഞ്ഞു.
'രാജമാണിക്യം', 'കളങ്കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം തിരുവനന്തപുരം സ്ലാങ്ങിൽ മമ്മൂട്ടി എത്തുന്ന ചിത്രം കൂടിയാകും ഇത്. അതേസമയം, അടുത്തിടെ തിയേറ്ററുകളിൽ വൻ വിജയം നേടിയ മമ്മൂട്ടി ചിത്രം 'കളങ്കാവൽ' ജനുവരി 16 മുതൽ സോണി ലിവിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 75 കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രശംസ നേടിയിരുന്നു.
മമ്മൂട്ടിയുടെയും വിനായകന്റെയും ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും 'കളങ്കാവൽ' സ്വന്തമാക്കി. 'ഭീഷ്മപർവം', 'കണ്ണൂർ സ്‌ക്വാഡ്', 'ഭ്രമയുഗം', 'ടർബോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് 'കളങ്കാവൽ'. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ നിർമ്മാണ സംരംഭമായിരുന്നു.
'കുറുപ്പ്' എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മലയാളത്തിൽ ആദ്യമായി 21 നായികമാർ ഒന്നിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയും 'കളങ്കാവലിനുണ്ട്'. എട്ട് മാസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു 'കളങ്കാവൽ'. എന്നാൽ ഇതിന് ശേഷം ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത 'ബസൂക്ക' ആയിരുന്നു.


