- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്സര് കുരുക്കിനിടെ..ഇതാ 'ജനനായകന്' പുതിയ പ്രതിസന്ധി; തലയിൽ കൈവച്ച് ആരാധകർ; സിനിമ ഇനി പെട്ടിയിൽ തന്നെ ആകുമോ?

നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതുന്ന 'ജനനായകൻ' റിലീസ് പ്രതിസന്ധിയിൽ. സെൻസർ അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ, ചിത്രത്തിന്റെ ഒടിടി പങ്കാളികളായ ആമസോൺ പ്രൈം വീഡിയോയിൽ നിന്ന് നിയമനടപടി നേരിടേണ്ടി വരുമെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാക്കൾ രംഗത്തെത്തി. പൊങ്കൽ റിലീസായി ജനുവരി ഒമ്പതിന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമാണിത്.
ചിത്രത്തിന് സെൻസർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും സെൻസർ ബോർഡും (സിബിഎഫ്സി) തമ്മിലുള്ള നിയമയുദ്ധം നിലവിൽ മദ്രാസ് ഹൈക്കോടതിയിലാണ്. ഈ നിയമപോരാട്ടം തുടരുന്നതിനിടെയാണ് പുതിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയത്.
'ജനനായകൻ' എന്ന ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരുന്നത്. വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിലും അദ്ദേഹത്തിന്റെ വലിയ ആരാധകവൃന്ദവും പരിഗണിച്ച് വലിയ തുക മുടക്കിയാണ് അവർ അവകാശങ്ങൾ വാങ്ങിയതെന്നാണ് റിപ്പോർട്ട്. തിയറ്റർ റിലീസിനുശേഷം നിശ്ചിത ദിവസങ്ങൾ കഴിഞ്ഞാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ സ്ട്രീം ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് അനിശ്ചിതത്വത്തിലായതാണ് ഒടിടി പ്ലാറ്റ്‌ഫോമിനെ ആശങ്കയിലാക്കിയിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ നിർമ്മാതാക്കളുടെ അഭിഭാഷകനാണ് ആമസോൺ പ്രൈം വീഡിയോയുടെ നിയമ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഡിസംബർ 31-ന് ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് വാക്കാലുള്ള മുന്നറിയിപ്പ് ലഭിച്ചതായും റിലീസ് തീയതിയിലെ അനിശ്ചിതത്വമാണ് അവർ ഉന്നയിച്ചതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെവിഎൻ പ്രൊഡക്ഷൻസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സതീഷ് പരാശരൻ, ഇത് വാക്കാലുള്ള മുന്നറിയിപ്പ് മാത്രമാണെന്നും ഇതുവരെ നിയമപരമായ ഹർജികളൊന്നും ലഭിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.


