- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ്യും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; 24 വർഷങ്ങൾക്കു ശേഷം പ്രദർശനത്തിനൊരുങ്ങി 'ഫ്രണ്ട്സ്'; റീ റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: വിജയ്, സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹിറ്റ് തമിഴ് ചിത്രം 'ഫ്രണ്ട്സ്' 4K ദൃശ്യ-ശബ്ദ മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത് 24 വർഷങ്ങൾക്കു ശേഷമാണ് ചിത്രം പുത്തൻ സാങ്കേതികവിദ്യയോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. നവംബർ 21ന് 'ഫ്രണ്ട്സ്' തിയേറ്ററുകളിൽ എത്തും.
മികച്ച 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ മാസ്റ്ററിംഗ് ഹൈ സ്റ്റുഡിയോസ് ആണ് നിർവഹിച്ചിരിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾക്ക് നേതൃത്വം നൽകിയത് ഇവരാണ്. 1999ൽ പുറത്തിറങ്ങിയ മലയാള ചിത്രം 'ഫ്രണ്ട്സ്' 2001ലാണ് സിദ്ദിഖ് തന്നെ തമിഴിൽ റീമേക്ക് ചെയ്തത്.
മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളം പതിപ്പ് വൻ വിജയമായിരുന്നു. തമിഴിൽ വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവർക്കൊപ്പം ദേവയാണി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി തുടങ്ങിയവരും അഭിനയിച്ചു. സൂര്യയുടെയും വിജയിയുടെയും കരിയറിൽ ഒരുപോലെ വഴിത്തിരിവായ ചിത്രം തമിഴിലും സൂപ്പർഹിറ്റായി. ഇളയരാജ സംഗീതം നൽകിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ആനന്ദക്കുട്ടൻ നിർവഹിച്ചു