- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിനെ നായകനാക്കി 'റോഷാക്ക്' സംവിധായകൻ നിസാം ബഷീർ; നായിക പാർവതി തിരുവോത്ത്; 'ഐ, നോബഡി' ഫസ്റ്റ് ലുക്ക് പുറത്ത്
കൊച്ചി: മമ്മൂട്ടി ചിത്രം 'റോഷാക്കി'ലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'ഐ, നോബഡി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക. സംവിധായകൻ നിസാം ബഷീറിന്റെ ജന്മദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ', 'മൈ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ ഫോർ എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'റോഷാക്കി'ന് തിരക്കഥയൊരുക്കിയ സമീർ അബ്ദുൾ തന്നെയാണ് 'ഐ, നോബഡി'യുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ-പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഹർഷവർദ്ധൻ രാമേശ്വർ സംഗീതവും ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും നിർവഹിക്കും. 'റോഷാക്ക്' നേടിയ വലിയ വിജയത്തിന് ശേഷം എത്തുന്ന ചിത്രമായതിനാൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് 'ഐ, നോബഡി' നൽകുന്നത്.