കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമനടപടിയുമായി ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണറപ്പ് അനീഷ്. മാന്യമായി ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ചില പ്രൊഫൈലുകളിൽ നിന്ന് മോശം കമന്റുകൾ വരുന്നുണ്ടെന്നും ഇതിന് പിന്നിൽ കൃത്യമായ അജണ്ടകളുണ്ടോ എന്ന് പരിശോധിക്കുമെന്നും അനീഷ് വ്യക്തമാക്കി.

സൈബർ ഇടങ്ങളിൽ എന്തും എഴുതിപ്പിടിപ്പിക്കാമെന്ന ‘സൈക്കോ’ മാനസികാവസ്ഥയുള്ളവർക്ക് നിയമത്തിലൂടെ തന്നെ മറുപടി നൽകുമെന്ന് അനീഷ് പറഞ്ഞു. മോശം കമന്റുകൾ പോസ്റ്റ് ചെയ്ത പ്രൊഫൈലുകൾ കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണം കേവലം വ്യക്തിവൈരാഗ്യം കൊണ്ടാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയുള്ള പിആർ വർക്കിന്റെ ഭാഗമാണോ എന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന ഓരോ കാര്യത്തിനും നിങ്ങൾ തന്നെ ഉത്തരവാദിത്തം പറയേണ്ടി വരും. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് നിയമത്തിന് മുന്നിൽ തെളിയട്ടെയെന്നും അനീഷ് പറഞ്ഞു.

ബിഗ് ബോസ് ഏഴാം സീസണിലെ ഏറ്റവും കരുത്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനീഷ്. ഷോയിൽ സഹമത്സരാർത്ഥിയായിരുന്ന അനുമോളോട് അനീഷ് വിവാഹാഭ്യർത്ഥന നടത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അന്ന് അനുമോൾ അത് നിരസിച്ചിരുന്നെങ്കിലും ഷോയ്ക്ക് പുറത്തും ഇരുവരെയും ചേർത്തുള്ള സൈബർ ചർച്ചകൾ അവസാനിച്ചിരുന്നില്ല. ഇതിനിടെയാണ് തനിക്കെതിരെ നടക്കുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി താരം രംഗത്തെത്തിയിരിക്കുന്നത്.