കൊച്ചി: മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ 'കളങ്കാവൽ' ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി സോണി ലിവ്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം വൻ തുകയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റഴിച്ചത്. തിയറ്ററുകളിലെ പ്രദർശനത്തിന് ശേഷം ഒരു മാസം കഴിഞ്ഞാകും ചിത്രം സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുക.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ', മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയത്. മുജീബ് മജീദാണ് സംഗീത സംവിധാനം നിർവഹിച്ചത്.

ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ധന്യ അനന്യ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫേറർ ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്ത്. മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് 'റെഡ് ബാക്ക്' എന്ന ഗാനം ആലപിച്ചിട്ടുണ്ട്. ഈ ഗാനത്തിന് വരികളെഴുതി സംഗീതം പകർന്നതും സംവിധായകൻ ജിതിൻ കെ. ജോസ് തന്നെയാണ്.