കൊച്ചി: മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസിൽ 83 കോടിയിലധികം നേടിയതായാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ, മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ആഗോള ഗ്രോസർ എന്ന റെക്കോർഡ് 'കളങ്കാവൽ' സ്വന്തമാക്കി. 82 കോടിയോളം നേടിയ 'കണ്ണൂർ സ്‌ക്വാഡിന്റെ' റെക്കോർഡാണ് ചിത്രം മറികടന്നത്.

കേരളത്തിൽ നിന്ന് മാത്രം 36 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായ 'ഭീഷ്മപർവത്തിന്റെ' (85 കോടിക്ക് മുകളിൽ) റെക്കോർഡ് മറികടന്ന് 'കളങ്കാവൽ' ഒന്നാം സ്ഥാനത്തേക്ക് എത്തുമോ എന്ന് സിനിമാപ്രേമികളും ആരാധകരും ആകാംഷയോടെ ഉറ്റുനോക്കുകയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും 'കളങ്കാവൽ' കരസ്ഥമാക്കിയിരുന്നു. 'ഭീഷ്മപർവം', 'കണ്ണൂർ സ്‌ക്വാഡ്', 'ഭ്രമയുഗം', 'ടർബോ' എന്നിവയ്ക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തുന്ന മമ്മൂട്ടിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ഡിസംബർ 5-ന് റിലീസ് ചെയ്ത ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രത്തിന് ഗംഭീരമായ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രമായ 'കളങ്കാവൽ', കേരളത്തിൽ വിതരണം ചെയ്തത് വേഫറർ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രതിനായക വേഷത്തിൽ ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ച മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

മമ്മൂട്ടിയെ കൂടാതെ, പോലീസ് ഓഫീസറുടെ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ പ്രേക്ഷക പ്രശംസ നേടി. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തിയ ചിത്രത്തിലെ മുജീബ് മജീദ് ഒരുക്കിയ റെട്രോ സ്റ്റൈൽ തമിഴ് ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'കുറുപ്പിന്റെ' കഥയൊരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'കളങ്കാവൽ'.