- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ; 258 ലേറ്റ് നൈറ്റ് ഷോകളുമായി മികച്ച പ്രതികരണം; ആദ്യ ദിനം ബോക്സ്ഓഫിസിൽ നേടിയത് എത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്
കൊച്ചി: മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കളങ്കാവൽ'. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് 4.86 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ്. എട്ട് മാസത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷം, വിനായകൻ നായകനായെത്തുന്നു, നവാഗതനായ സംവിധായകൻ തുടങ്ങിയ ഘടകങ്ങൾ ചിത്രത്തിന്റെ വിജയത്തിന് കാരണമായി.
ആദ്യ ദിവസത്തെ മികച്ച പ്രതികരണങ്ങളെത്തുടർന്ന്, പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ചിത്രം ഒരു മണിക്കൂറിൽ 15,000 ടിക്കറ്റുകൾ വരെ വിറ്റഴിച്ചു. ടിക്കറ്റിനായുള്ള വർദ്ധിച്ച ഡിമാൻഡ് കാരണം കേരളത്തിൽ വൈകുന്നേരത്തെയും രാത്രിയിലെയും ഷോകൾക്കായി 102 പുതിയ സ്ക്രീനുകൾ കൂട്ടിച്ചേർത്തു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് 258 ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്യപ്പെട്ടത്. ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന പ്രാഥമിക കണക്കുകൾ പ്രകാരമാണ് 4.86 കോടി രൂപയുടെ ഈ നേട്ടം. അന്തിമ കണക്കുകളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് 'കളങ്കാവൽ'. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയത് ജിതിൻ കെ ജോസ് ആയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൊന്നുമായി എത്തിയ ഈ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.




