- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; ആ മാന്ത്രിക സംഖ്യയ്ക്ക് അടുത്തെത്തി 'കളങ്കാവൽ'; മമ്മൂട്ടി-വിനായകൻ ചിത്രം നേടിയതെത്ര; കണക്കുകൾ പുറത്ത്
കൊച്ചി: ജിതിൻ കെ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി-വിനായകൻ ചിത്രം 'കളങ്കാവൽ' ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഡിസംബർ 5-ന് റിലീസ് ചെയ്ത ചിത്രം, കേവലം മൂന്ന് ദിവസങ്ങൾക്കുള്ളിൽ 44.15 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു. മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്.
മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം, നിലവിലെ കണക്കുകൾ പ്രകാരം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറത്തും ഗൾഫ് രാജ്യങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടിയിട്ടുണ്ട്. മികച്ച ബുക്കിംഗാണ് കളങ്കാവലിന് നിലവിൽ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അവധി ദിനങ്ങൾ ബോക്സ് ഓഫീസ് കളക്ഷനെ കൂടുതൽ അനുകൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതിനായക വേഷത്തിൽ മമ്മൂട്ടിയും നായകനായി വിനായകനും എത്തുന്ന ചിത്രത്തിൽ 22 നായികമാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവൽ'. ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.




