കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'കളങ്കാവൽ' ജനുവരി 16 മുതൽ സോണി ലിവ് പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ആഗോളതലത്തിൽ 80 കോടി രൂപയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമ്മാണ സംരംഭമായിരുന്നു കളങ്കാവൽ.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങിയ ഈ ചിത്രത്തിൽ ഇരുപത്തിരണ്ട് നായികമാരായിരുന്നു അണിനിരന്നത്. 2025 ഡിസംബർ 5-ന് തിയറ്ററുകളിൽ എത്തിയ 'കളങ്കാവൽ', പ്രതിനായകനായ സ്റ്റാൻലി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത രൂപമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. വിനായകനായിരുന്നു ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്.

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം ആഗോളതലത്തിൽ 80.4 കോടി രൂപയാണ് നേടിയത്. ഇന്ത്യ ഗ്രോസ് കളക്ഷൻ 35.75 കോടി രൂപയും നെറ്റ് കളക്ഷൻ 42.15 കോടി രൂപയുമാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് 38.25 കോടി രൂപയും ചിത്രം നേടി. ആദ്യദിനത്തിൽ ആഗോളതലത്തിൽ 15.7 കോടി രൂപ കളങ്കാവൽ സ്വന്തമാക്കിയിരുന്നു.