- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി-വിനായകൻ കോമ്പോയുടെ 'കളങ്കാവൽ'; ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്തിറങ്ങി; റിലീസ് ഡിസംബർ 5ന്
തിരുവനന്തപുരം: മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'കളങ്കാവലി'ന്റെ ആദ്യ ബിഹൈൻഡ് ദി സീൻസ് (ബിടിഎസ്) വീഡിയോ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നടൻ വിനായകന്റെ ഗംഭീര പ്രകടനങ്ങൾ കൂടി ഉൾപ്പെടുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഡിസംബർ 5-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ നവംബർ 27-ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതികപരമായ കാരണങ്ങളാൽ തീയതി മാറ്റുകയായിരുന്നു.
ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന 'കളങ്കാവൽ' സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ കെ. ജോസ് ആണ്. സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധ നേടിയ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മമ്മൂട്ടി ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ചിത്രമെന്ന നിലയിൽ 'കളങ്കാവലി'ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രത്തെ പ്രേക്ഷകർ ആവേശപൂർവ്വമാണ് വരവേൽക്കുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാകും ഇതിലേതെന്ന സൂചന ട്രെയിലർ നൽകിയിരുന്നു. മഹാനടന്റെ മാജിക് ഒരിക്കൽക്കൂടി വെള്ളിത്തിരയിൽ കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ "നിലാ കായും" എന്ന ഗാനവും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. വിനായകൻ്റെ കഥാപാത്രവും മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന സൂചന ട്രെയിലർ നൽകുന്നു. വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജോർജ് സെബാസ്റ്റ്യൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം മുജീബ് മജീദ്.




