കൊച്ചി: മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രം 'കളങ്കാവൽ'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ അഭിനയ മികവ് വീണ്ടും വെള്ളിത്തിരയിലെത്തുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിൽ വിനായകന്റെ പ്രകടനവും ഏറെ പ്രശംസ നേടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

നവംബർ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.മുജീബ് മജീദ് സംഗീതം നൽകിയ പശ്ചാത്തല സംഗീതവും ഫൈസൽ അലി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു.

രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘നിലാ കായും’ എന്ന ഗാനം ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്.'കുറുപ്പ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥാകാരനായ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കളങ്കാവൽ'. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. യു/എ 16+ സർട്ടിഫിക്കറ്റോടെയാണ് ചിത്രം സെൻസറിങ് പൂർത്തിയാക്കിയത്. മികച്ച സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ചിത്രത്തിൽ ജോർജ് സെബാസ്റ്റ്യൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.