മുംബൈ: കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്. രൺവീർ സിംഗ് നായകനാവുന്ന സോംബി ത്രില്ലർ ചിത്രമായ 'പ്രളയ്'ലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രം രൺവീർ സിംഗിന്റെ നിർമ്മാണ രംഗത്തേക്കുള്ള കടന്നുവരവ് കൂടിയാണ്. ജയ് മെഹ്ത സംവിധാനം ചെയ്യുന്ന 'പ്രളയ്'യുടെ ചിത്രീകരണം 2026 ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൻസൽ മെഹ്ത, രൺവീർ സിംഗ്, സമീർ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

'ധുരന്ധർ' എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷമാണ് രൺവീർ സിംഗ് 'പ്രളയി'ലേക്ക് എത്തുന്നത്. കല്യാണി പ്രിയദർശനാകട്ടെ, 'ലോക'യുടെ ചരിത്ര വിജയത്തോടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയയായിരിക്കുകയാണ്. 300 കോടിയിലധികം നേടി ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച 'ലോക'യിലെ കല്യാണിയുടെ പ്രകടനം, പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെ മികവ്, ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഡിവൈനൊപ്പമുള്ള സംഗീത വീഡിയോയും കല്യാണിക്ക് വലിയ കൈയ്യടി നേടിയിരുന്നു.

2025-ൽ ബോക്‌സ് ഓഫീസിൽ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങളിലെ പ്രധാന താരങ്ങൾ ഒന്നിക്കുന്നു എന്ന സവിശേഷതയും 'പ്രളയി'നുണ്ട്. തെലുങ്കിലൂടെ കരിയർ ആരംഭിച്ച് തമിഴിലും മലയാളത്തിലും സജീവ സാന്നിധ്യമായി മാറിയ കല്യാണിക്ക്, ഈ ബോളിവുഡ് പ്രവേശനം കരിയറിലെ ഒരു വലിയ ചുവടുവെപ്പാണ്. 'ജീനി', 'മാർഷൽ' എന്നിവയാണ് കല്യാണിയുടെ അണിയറയിലുള്ള തമിഴ് ചിത്രങ്ങൾ.