'ലോക: ചാപ്റ്റർ 1' എന്ന ചിത്രത്തിലെ വിജയത്തിന് പിന്നാലെ, തമിഴിൽ ഒരുങ്ങുന്ന 'ജെനി' എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ കല്യാണി പ്രിയദർശന്റെ നൃത്തച്ചുവടുകൾ പ്രേക്ഷകശ്രദ്ധ നേടുന്നു. വിവിധ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച താരം, ഇത്തവണ 'ജെനി'യിലെ വേഷത്തിലൂടെയും പ്രകടനത്തിലൂടെയും വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.

'ലോക: ചാപ്റ്റർ 1' എന്ന ചിത്രത്തിലൂടെ നായികാപ്രാധാന്യമുള്ള ചിത്രങ്ങളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ കല്യാണി, ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. 'ലോക'യുടെ വൻ വിജയത്തിന് ശേഷം തമിഴിൽ നിന്നുള്ള 'ജെനി' എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഭുവനേഷ് അർജുനൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ 'അബ്ദി അബ്ദി' എന്ന് തുടങ്ങുന്ന ഗാനത്തിന് എ.ആർ. റഹ്‌മാനാണ് സംഗീതം നൽകിയിരിക്കുന്നത്. മൈസ കരയപം, ദീപ്തി സുരേഷ് എന്നിവർക്കൊപ്പം ഫ്രീക്കിന്റെ റാപ്പ് ഭാഗവും ഗാനത്തിലുണ്ട്. രവി മോഹനാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. കൃതി ഷെട്ടി, ദേവയാനി, വമിഖ ഗബ്ബി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പുറത്തിറങ്ങിയ ഗാനരംഗത്തിൽ രവി മോഹനും കല്യാണിക്കുമൊപ്പം കൃതി ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. നൃത്തത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ഈ ഗാനത്തിലെ കല്യാണിയുടെ ഊർജ്ജസ്വലമായ പ്രകടനമാണ് പ്രേക്ഷക പ്രശംസ നേടുന്നത്.