- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ഷന്റെ 55% ഞങ്ങൾക്ക് വേണമെന്ന വാശി; കേരളത്തിൽ 'കാന്താരാ 2' വിന് വിലക്ക്; പ്രദര്ശിപ്പിക്കില്ലെന്ന ഉറച്ച തീരുമാനവുമായി ഫിയോക്ക്; ഒക്ടോബറിൽ ആരാധകർക്ക് ഫലം നിരാശയാകുമോ?
തിരുവനന്തപുരം: 'കാന്താര 2' എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനത്തിന് ഫിലിം എക്സിബിറ്റേഴ്സ് ഫോറം (ഫിയോക്ക്) വിലക്കേർപ്പെടുത്തി. ചിത്രത്തിന്റെ കൂടുതൽ വിഹിതം ആവശ്യപ്പെട്ട് വിതരണക്കാർ രംഗത്തെത്തിയതിനെ തുടർന്നാണ് തിയേറ്റർ ഉടമ സംഘടനയുടെ ഈ തീരുമാനം. ചിത്രത്തിന്റെ കലക്ഷന്റെ 55 ശതമാനം വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. ഇത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക്ക് അറിയിച്ചു.
'കാന്താര 2' ഒക്ടോബർ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്താനിരിക്കെയാണ് ഈ വിലക്ക്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ഏറ്റെടുത്തിരിക്കുന്നത്.
2022-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ 'കാന്താര'യുടെ ആദ്യഭാഗത്തിന്റെയും വിതരണക്കാരായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷൻസ്. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ വലിയ വിജയം നേടിയ ആദ്യഭാഗം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പിന്നീട് വിവിധ ഭാഷകളിലും ചിത്രമെത്തി മികച്ച കളക്ഷൻ നേടിയിരുന്നു. ഇതിനെത്തുടർന്ന് രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.
ഋഷഭ് ഷെട്ടിയാണ് 'കാന്താര ചാപ്റ്റർ 1' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിജയ് കിരഗണ്ടുർ ആണ് നിർമ്മാതാവ്. മൂന്ന് വർഷത്തെ ചിത്രീകരണം പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2022-ലെ 'കാന്താര'യുടെ പ്രീക്വലായാണ് ഇത് വരുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.