കൊച്ചി: വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കരം' എന്ന പുതിയ സിനിമയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി, ശക്തമായ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ ചിത്രമായാണ് 'കരം' എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബർ 25ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

നോബിൾ ബാബു തോമസാണ് ചിത്രത്തിലെ നായകൻ. തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 'ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം' നിർമ്മിച്ച നോബിൾ, 'ഹെലൻ' സിനിമയുടെ രചയിതാക്കളിൽ ഒരാളായിരുന്നു. കൂടാതെ 'ഹെലൻ' സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഓഡ്രി മിറിയ, രേഷ്മ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ കോച്ചായ വുകോമനോവിച്ചും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

'ഹൃദയം', 'വർഷങ്ങൾക്കു ശേഷം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ഒരുമിക്കുന്ന ചിത്രമാണ് 'കരം'. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻ്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാതാവായെത്തുന്ന ചിത്രം കൂടിയാണ് ഇത്. 'തിര' എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം എന്ന പ്രത്യേകതയും 'കരം' സിനിമയ്ക്കുണ്ട്.

മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മെറിലാൻഡ് സിനിമാസ് 1955ൽ പുറത്തിറക്കിയ 'സി.ഐ.ഡി' മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മെറിലാൻഡ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത്.

വലിയ ബജറ്റിൽ ഒരുക്കിയ 'കരം' ജോർജിയ, റഷ്യ, അസർബൈജാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലും ഷിംല, ചണ്ഡീഗഡ്, കൊച്ചി എന്നിവിടങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്നു. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. ഫാർസ് ഫിലിംസാണ് സിനിമയുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.