തിരുവനന്തപുരം: യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഖജുരാഹോ ഡ്രീംസ്' ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. മാറുന്ന കാലഘട്ടത്തിലെ യുവത്വത്തിന്‍റെ പുതുലോകം നർമ്മമുഹൂർത്തങ്ങളിലൂടെ തുറന്നുകാണിക്കുന്ന ഈ ചിത്രം യുവപ്രേക്ഷകരെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായിട്ടാണ് എത്തുന്നത്.

മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസറാണ് നിർമ്മിക്കുന്നത്. സേതുവാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുരാതന ചുവർചിത്രങ്ങളാൽ പ്രസിദ്ധമായ ക്ഷേത്ര നഗരമായ ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

പ്രധാന താരങ്ങൾക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് തുടങ്ങിയ നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപിസുന്ദർ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ 'ശിലയൊരു ദേവിയായ്..' എന്ന ഗാനം ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. സരിഗമയാണ് ചിത്രത്തിന്‍റെ മ്യൂസിക് പാർട്നർ.

പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറും ബാദുഷ എൻ.എം. പ്രൊജക്ട് ഡിസൈനറുമാണ്. ഹരിനാരായണനാണ് ഗാനരചന. സജി കട്ടാക്കട മേക്കപ്പും അരുൺ മനോഹർ വസ്ത്രാലങ്കാരവും ഒരുക്കിയിരിക്കുന്നു.