കൊച്ചി: ഏഴ് ദിവസം കൊണ്ട് 100കോടി ക്ലബ്ബിൽ ഇടം പിടിച്ച് 'ലോക: ചാപ്റ്റർ വൺ ചന്ദ്ര'. മലയാളസിനിമയിലെ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമെന്ന റെക്കോർഡും 'ലോക' സ്വന്തമാക്കി. ഇതുവരെ 12 മലയാള ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിട്ടുള്ളത്. ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

30 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് നിർവഹിച്ചത്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. 'ലോക' എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദർശൻ ഒരു സൂപ്പർഹീറോയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. നസ്‌ലിൻ, സാൻഡി, ചന്തു സലിം കുമാർ, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫീസിൽ വലിയ വിജയം നേടുന്നത് അപൂർവ്വ കാഴ്ചയാണ്. ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒന്നിലധികം ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗം വലിയ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അടുത്തിടെ ചിത്രത്തിലെ ഒരു സംഭാഷണത്തെച്ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രം പറയുന്ന സംഭാഷണത്തിൽ ബംഗളൂരുവിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ നിർമ്മാതാക്കളായ വേഫെറർ ഫിലിംസ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.