ഒടിടി പ്ലാറ്ഫോമുകളുടെ വരവോടെ മികച്ച സിനിമകള്‍ക്ക് ആഗോള തലത്തിൽ ശ്രദ്ധനേടാൻ സാധിക്കുന്നുണ്ട്. വലിയ ചർച്ചയായ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ 'ഭ്രമയുഗം'. മോളിവുഡിൽ അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങളിൽ ഒന്നായിരുന്നു ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് രാഹുല്‍ സദാശിവനാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ മലയാള ചിത്രം ഭ്രമയുഗത്തെ മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്.

അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍, ചിത്രത്തിൽ മികച്ച വേഷം അവതരിപ്പിച്ച അര്‍ജുന്‍ അശോകന്‍ എന്നിവരെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലുള്ള യൂണിവേഴ്സിറ്റി ഫോര്‍ ദി ക്രിയേറ്റീവ് ആര്‍ട്സിലെ ക്ലാസ് റൂം ആണ് വീഡിയോയില്‍ ഉള്ളത് എന്നാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്. വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളി സിനിമാപ്രേമികള്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ലോകനിലവാരമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നിർമ്മിക്കുന്നുണ്ടെന്നതിന്‍റെ തെളിവായാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.



മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. കൊടുമണ്‍ പോറ്റിയെന്ന കരിയറില്‍ തന്നെ വ്യത്യസ്തമായൊരു ഒരു കഥാപാത്രവുമായെത്തിയ മമ്മൂട്ടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധപിടിച്ചു പറ്റി. ലെറ്റര്‍ബോക്സ്ഡ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളില്‍ ചിത്രം മികച്ച റേറ്റിംഗ് നേടിയിരുന്നു. ബോക്സ് ഓഫീസിലും വിജയമായിരുന്നു ചിത്രം. ആഗോള തലത്തില്‍ 60 കോടിയിലേറെ ചിത്രത്തിന് നേടാനായി.