കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുന്നു. നേരത്തെ ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതിയ തീയതി നാളെ വൈകീട്ട് ആറിന് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനി അറിയിച്ചു.

ചിത്രം ഏറ്റവും മികച്ച നിലവാരത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കഠിനശ്രമത്തിനിടെ, അപ്രതീക്ഷിതമായി ഉണ്ടായ ചില സാഹചര്യങ്ങൾ മൂലമാണ് റിലീസ് ഏതാനും ദിവസങ്ങളിലേക്ക് നീട്ടേണ്ടി വന്നതെന്ന് നിർമാതാവ് ആന്റോ ജോസഫ് വ്യക്തമാക്കി. നേരത്തെ, തിയേറ്റർ വിഹിതത്തെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്കും' തമ്മിൽ നിലനിന്നിരുന്ന തർക്കവും റിലീസിനെ ബാധിച്ചതായാണ് സൂചന. ആദ്യ രണ്ടാഴ്ച 60 ശതമാനം വിഹിതം വേണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു തിയേറ്റർ ഉടമകൾ.

വിരമിച്ച ജെ.എ.ജി ഓഫീസറായി മമ്മൂട്ടിയും യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനായി മോഹൻലാലും എത്തുന്ന ചിത്രം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യത്തിന്റെ കഥയാണ് പറയുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുമ്പോൾ, ബോളിവുഡിലെ വമ്പൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം 'പേട്രിയറ്റി'നെ നോക്കിക്കാണുന്നത്. പുതിയ തീയതി നാളെ പുറത്തുവരുന്നതോടെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകും.