ഹൈദരാബാദ്: മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങിയത് ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാടിനെ ഓര്‍ത്തുകൊണ്ട്. വയനാട്ടിലെ ദുരന്തബാധിതരെ സ്മരിച്ച് വികാരധീനനായാണ് മമ്മൂട്ടി പുരസ്‌കാരവേദിയില്‍ സംസാരിച്ചത്. പുരസ്‌കാരലബ്ധി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദ

ദുരിതം അനുഭവിക്കുന്ന വയനാടിനും അവിടുത്തെ സഹോദരങ്ങള്‍ക്കൊപ്പമാണ് താനെന്നും വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാര്‍ഥനയും സഹായവും ഉണ്ടാവണമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 1980 മുതല്‍ അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഒരേയൊരു ഇന്ത്യന്‍ നടന്‍ കൂടിയായി ഇതോടെ മമ്മൂട്ടി മാറി. തമിഴില്‍ വിക്രമും തെലുങ്കില്‍ നാനിയും കന്നഡയില്‍ രക്ഷിത് ഷെട്ടിയുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.