ലോസ് ആഞ്ചലസ്: ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനമായി മമ്മൂട്ടി നായകനായ മലയാള ചിത്രം 'ഭ്രമയുഗം'. ചിത്രം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30-ന് നടന്ന സ്ക്രീനിംഗിനിടെ മമ്മൂട്ടിയെ 'മോളിവുഡ് ലെജന്റ്' എന്ന് അവതാരക വിശേഷിപ്പിച്ചപ്പോൾ വലിയ ആർപ്പുവിളികളും കൈയടികളുമാണ് ഓഡിറ്റോറിയത്തിൽ ഉയർന്നത്.

ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പരിചയപ്പെടുത്തുന്ന വേളയിൽ നടന്ന പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും പേരുകൾ അവതാരക പറയുമ്പോൾ കാണികൾ ആവേശഭരിതരാകുന്നത് വീഡിയോയിൽ കാണാം. 'Where the Forest Meets the Sea' എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിച്ചത്. മിഡ്സോമ്മർ, ദി വിച്ച് തുടങ്ങിയ ലോകപ്രശസ്ത ഹൊറർ ചിത്രങ്ങൾക്കൊപ്പമാണ് മലയാളത്തിന്റെ ഭ്രമയുഗവും ഇടംപിടിച്ചത് എന്നത് അഭിമാനകരമായ നേട്ടമായി.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കിയത്. കൊടുമൺ പോറ്റി എന്ന അവിസ്മരണീയമായ വേഷത്തിലൂടെ മമ്മൂട്ടി വീണ്ടും വിസ്മയിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ 60 കോടിയിലധികം നേടിയിരുന്നു. മികച്ച നടൻ ഉൾപ്പെടെ നാല് സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.