- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്'; ചിത്രം യാഥാര്‍ഥ്യമാക്കിയതിന് പൃഥ്വിരാജിന് നന്ദി പറഞ്ഞ് മോഹൻലാൽ
മുംബൈ: പ്രഖ്യാപനം എത്തിയത് മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് എത്തിയതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ട്രെയ്‌ലർ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. യൂട്യൂബിൽ ഇതിനോടകം 5 മില്യൺ കാഴ്ച്ചക്കാർ ട്രെയ്‌ലർ കണ്ട് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മോഹൻലാൽ. എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്.
ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മുംബൈയില്‍ എമ്പുരാന്റെ ഐമാക്‌സ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. തങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'ഇന്ത്യയില്‍ അവിശ്വസനീയമായ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. കേരളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിരുന്നു. പക്ഷേ, ഞങ്ങള്‍ ഒരുപാട് കാര്യംചെയ്തിട്ടുണ്ട്. അത് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്‌സും. പ്രേക്ഷകര്‍ക്ക് നന്ദി. ആളുകള്‍ ഈ ചിത്രം കാണാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു മാജിക് ഉണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്ന 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍താനും ഉണ്ടാവുമെന്നും ചടങ്ങില്‍ അദ്ദേഹം വെളിപ്പെടുത്തി.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ.
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.