ബിബിൻ ജോർജും ബാബുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ഐസിയു' ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നടൻ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നു. 'താന്തോന്നി' എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന 'ഐസിയു' മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോളാണ് നിർമ്മിക്കുന്നത്. തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക.

ബിബിൻ ജോർജ്, ബാബുരാജ്, വിസ്മയ എന്നിവരെ കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് എന്നിവരുൾപ്പെടെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നു. സി. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു ജി സുശീലനാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ.

ബി.കെ. ഹരിനാരായണൻ്റെ വരികൾക്ക് ജോസ് ഫ്രാങ്ക്‌ളിൻ സംഗീതം നൽകിയിരിക്കുന്നു. ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ബാവ കലാസംവിധാനവും മാഫിയ ശശി ആക്ഷൻ രംഗങ്ങളും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വിക്കി, കിഷൻ എന്നിവരാണ് സൗണ്ട് ഡിസൈൻ, എം.ആർ. രാജാകൃഷ്ണൻ ശബ്ദമിശ്രണം കൈകാര്യം ചെയ്തു. സജി സുകുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും രമേശ് തെക്കേപ്പാട്ട് പ്രൊജക്ട് ഡിസൈനറായും എം.എസ്. അരുൺ ഫിനാൻസ് കൺട്രോളറായും പ്രവർത്തിക്കുന്നു. നിതിൻ നന്ദകുമാർ വി.എഫ്.എക്സും നൗഷാദ് സ്റ്റിൽസും ടെൻ പോയിൻ്റ് ഡിസൈനും ബ്രിംഗ്‌ഫോർത്ത് മാർക്കറ്റിംഗും നിർവഹിച്ചിട്ടുണ്ട്.