കൊച്ചി: തെരഞ്ഞെടുപ്പ് കാലത്തെ റീലുകളിലും പ്രചാരണ വേദികളിലും വരുംദിവസങ്ങളിൽ മുഴങ്ങിക്കേൾക്കാൻ പോകുന്ന ഒരു ഗാനവുമായി നിവിൻ പോളി ചിത്രം 'പ്രതിഛായ' എത്തുന്നു. ഉണ്ണികൃഷ്ണൻ ബി. സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'തലവാ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റ് കൂട്ടുന്ന തരത്തിലുള്ള ഈ ഗാനം ടി-സീരീസിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് ഈണം പകർന്നിരിക്കുന്നത്. 'എമ്പുരാൻ' എന്ന ചിത്രത്തിലെ ടൈറ്റിൽ ട്രാക്കിലൂടെ ശ്രദ്ധേയനായ ആനന്ദ് ശ്രീരാജാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വെനോ മിസ് എഴുതി പാടിയ റാപ്പ് വരികൾ കൂടി ചേരുന്നതോടെ ഗാനത്തിന് യുവത്വത്തിന്റെ പ്രസരിപ്പ് കൈവരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ് 'പ്രതിഛായ'. നിവിൻ പോളിക്കൊപ്പം ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, സായ് കുമാർ, നിശാന്ത് സാഗർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, ആർജെ വിജിത തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ബൈജു ഗോപാലനും വി.സി. പ്രവീണുമാണ്. കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.