ലോസ് ഏഞ്ചല്‍സ്: 97-ാമത് അക്കാദമി അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആകാംക്ഷയ്ക്കാണ് നാളെ വിരാമമാകുക. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക. ഹാസ്യനടനും എമ്മി പുരസ്‌കാര ജേതാവുമായ കോനന്‍ ഒബ്രിയന്‍ ആകും പുരസ്‌കാര ചടങ്ങിലെ അവതാരകന്‍. ആദ്യമായാണ് ഒബ്രിയാന്‍ ഓസ്‌കാറിന്റെ അവതാരകനാകുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:30 മുതല്‍ സ്റ്റാര്‍ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും പരിപാടി തത്സമയം പ്രേഷകര്‍ക്ക് കാണാനാകും.

അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍നോണ്‍ കോണ്‍ക്ലേവ്, ഡ്യൂണ്‍: രണ്ടാം ഭാഗം, എമിലിയ പെരസ്, ഐ ആം സ്റ്റില്‍ ഹിയര്‍, നിക്കല്‍ ബോയ്‌സ്, ദി സബ്സ്റ്റന്‍സ്, വിക്കഡ് എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്. ജാക്വസ് ഓഡിയാര്‍ഡ്(എമിലിയ പെരെസ്), സീന്‍ ബേക്കര്‍ (അനോറ), ബ്രാഡി കോര്‍ബറ്റ്(ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാര്‍ഗേറ്റ്(ദി സബ്സ്റ്റന്‍സ്), ജെയിംസ് മാന്‍ഗോള്‍ഡ്(എ കംപ്ലീറ്റ് അണ്‍നോണ്‍) എന്നിവരാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

സിന്തിയ എറിവോ(വിക്കഡ്), കാര്‍ല സോഫിയ ഗാസ്‌കോണ്‍(എമിലിയ പെരെസ്), മിക്കി മാഡിസണ്‍(അനോറ), ഡെമി മൂര്‍( ദി സബ്സ്റ്റന്‍സ്), ഫെര്‍ണാണ്ട ടോറസ്(ഐ ആം സ്റ്റില്‍ ഹിയര്‍) എന്നിവര്‍ മികച്ച നടിക്കുള്ള നോമിനേഷനിലുണ്ട്. ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള അഭിനേത്രിയായി നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചയാളാണ് കാര്‍ല സോഫിയ ഗാസ്‌കോണ്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാല്‍ ഓസ്‌കര്‍ ചരിത്രത്തില്‍ പുതു ചരിത്രം കുറിക്കും ഈ 52കാരി.

അഡ്രിയന്‍ ബ്രോഡി(ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ(എ കംപ്ലീറ്റ് അണ്‍നോണ്‍), കോള്‍മന്‍ ഡൊമിംഗോ(സിംഗ് സിംഗ്), റെയ്ഫ് ഫൈന്‍സ്(കോണ്‍ക്ലേവ്), സെബാസ്റ്റ്യന്‍ സ്റ്റാന്‍(അപ്രന്റീസ്) എന്നിങ്ങനെയാണ് മികച്ച നടന്‍മാര്‍ക്കുള്ള നോമിനേഷനുകള്‍.

ഓസ്‌കര്‍, സിനിമ അവാര്‍ഡ്, പ്രഖ്യാപനം