ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്ത് തൻ്റെ അഭിനയ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ, താരത്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'പടയപ്പ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 2025 ഡിസംബർ 12-ന് തലൈവരുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടുമുള്ള ബിഗ് സ്ക്രീനുകളിൽ പുനരവതരിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ട 'ഗ്ലിംപ്സ്' വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

'റിട്ടേൺ ഓഫ് പടയപ്പ' (#TheReturnOfPadayappa) എന്ന ഹാഷ് ടാഗോടെയാണ് ഈ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടത്. രജനികാന്തിന്റെ മകളും ചലച്ചിത്ര നിർമ്മാതാവുമായ സൗന്ദര്യ രജനികാന്ത് വീഡിയോ പങ്കുവെച്ച് കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുന്നുണ്ട്. പടയപ്പ വെറുമൊരു സിനിമ മാത്രമല്ലെന്നും, അതൊരു വികാരവും ഒരു പാരമ്പര്യവുമാണെന്നും സൗന്ദര്യ കുറിച്ചു. "അവിസ്മരണീയമായ 50 വർഷങ്ങൾ. തൻ്റെ കൃപയും വിനയവും കൊണ്ട് സ്‌ക്രീനിൽ സമാനതകളില്ലാത്ത മാന്ത്രികതയും കൊണ്ട്, തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്," സൗന്ദര്യ തൻ്റെ കുറിപ്പിൽ പറയുന്നു.

"തലൈവർ തൻ്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായ പടയപ്പയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോൾ. സൂപ്പർ സ്റ്റാർ തന്നെ നിർമ്മിച്ച, തൻ്റെ ഹൃദയത്തിൽ നിന്ന് ഉരുത്തിരിഞ്ഞൊരു കഥയുള്ള ചിത്രം 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുകയാണ്," അവർ കൂട്ടിച്ചേർത്തു. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999-ൽ പുറത്തിറങ്ങിയ 'പടയപ്പ', ആക്ഷനും ഇമോഷനും മാസും സമന്വയിപ്പിച്ച് പ്രേക്ഷകരെ ഒന്നടങ്കം കീഴടക്കിയ ചിത്രമാണ്. രജനികാന്തിന്റെ പടയപ്പ എന്ന കഥാപാത്രവും രമ്യ കൃഷ്ണന്റെ നീലാംബരി എന്ന വില്ലത്തി വേഷവും ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളാണ്. ഇരുവരും ഒന്നിച്ചെത്തിയ രംഗങ്ങളും സംഭാഷണങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ഇത് ആദ്യമായല്ല 'പടയപ്പ' റീ റിലീസ് ചെയ്യുന്നത്. 2017 ഡിസംബർ 11-ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും തിയേറ്ററുകളിൽ ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയിരുന്നു.