ബെർലിൻ: ബെർലിൻ ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ഗാസയിലെ വംശഹത്യയും ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും പ്രധാന ചർച്ചയായി. നിരവധി പുരസ്കാര ജേതാക്കളായ സംവിധായകർ തങ്ങളുടെ നിലപാടുകൾ തുറന്നുപറഞ്ഞപ്പോൾ, ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ജർമൻ സർക്കാരിനും പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും ഉയർന്നു. സിറിയൻ വംശജനും ഫലസ്തീൻ സ്വദേശിയുമായ സംവിധായകൻ അബ്ദുള്ള അൽ-ഖത്തീബാണ് ജർമൻ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.

'ക്രോണിക്കിൾസ് ഫ്രം ദി സീജ്' എന്ന ചിത്രത്തിന് മികച്ച ഫസ്റ്റ് ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ ജനതയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധായകനായ അബ്ദുള്ള, പുരസ്കാരം സ്വീകരിക്കാനെത്തിയത് കെഫിയ ധരിച്ചുകൊണ്ടായിരുന്നു. സിൽവർ ബെയർ പുരസ്കാരം നേടിയ 'സാൽവേഷൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ എമിൻ അൽപെറും ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

"നിങ്ങൾ ഒറ്റയ്ക്കല്ല" എന്ന് ഗാസയിലെ ജനങ്ങളോടായി അദ്ദേഹം പറഞ്ഞു. മേളയിലെ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾക്ക് വലിയ കൈയടികൾ ലഭിച്ചെങ്കിലും, ചില എതിർസ്വരങ്ങളും ഉയർന്നു. ഗാസ കൂടാതെ, തുർക്കിയിലെ ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാക്കൾ, ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങൾ, അവകാശങ്ങൾക്കായി പോരാടുന്ന കുർദുകൾ എന്നിവർക്കും അൽപെർ പിന്തുണ പ്രഖ്യാപിച്ചു.

ഈ വർഷത്തെ ബെർലിൻ ചലച്ചിത്രമേള ആരംഭിക്കുന്നതിന് മുൻപ് തന്നെ ഫലസ്തീനും ഗാസയും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ജർമൻ സർക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, ജൂറി ചെയർപേഴ്‌സൺ വിം വെൻഡേഴ്‌സ് "മേളയിൽ രാഷ്ട്രീയം സംസാരിക്കാൻ കഴിയില്ല" എന്ന് പ്രതികരിച്ചത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രമുഖ ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർ മേള ബഹിഷ്‌കരിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് ബെർലിൻ ചലച്ചിത്രമേള പാലിക്കുന്ന മൗനത്തെ അപലപിച്ചുകൊണ്ട് നിരവധി ചലച്ചിത്രപ്രവർത്തകർ ഒപ്പുവെച്ച ഒരു തുറന്ന കത്തും നേരത്തെ പുറത്തുവന്നിരുന്നു. ഇസ്രായേലിന്റെ ചെയ്തികൾക്കെതിരെ സംസാരിക്കുന്ന കലാകാരന്മാരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്ന് കത്ത് കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങൾ മേളയുടെ അധികൃതർ നിഷേധിക്കുകയായിരുന്നു.