ചെന്നൈ: തമിഴ് സിനിമയ്ക്കും രാഷ്ട്രീയത്തിനും ഇത് നിർണ്ണായകമായ ഒരു പൊങ്കൽ കാലമാണ്. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ദളപതി വിജയ്‌യുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകനും', സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'യും ഒരേസമയം തിയേറ്ററുകളിലെത്തുമ്പോൾ അത് വെറുമൊരു ബോക്സ് ഓഫീസ് മത്സരമല്ല, മറിച്ച് ശക്തമായൊരു രാഷ്ട്രീയ യുദ്ധം കൂടിയായി മാറുകയാണ്.

വിജയ് രൂപീകരിച്ച 'തമിഴക വെട്രി കഴകം' (TVK) 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ളതാണ്. അതിനാൽ തന്നെ ജനുവരി 9-ന് റിലീസ് ചെയ്യുന്ന 'ജനനായകൻ' വെറുമൊരു സിനിമയല്ല, മറിച്ച് വിജയ്‌യുടെ രാഷ്ട്രീയ നയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഒരു 'ലോഞ്ച് പാഡ്' കൂടിയായാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്. ശക്തമായ അധികാര കേന്ദ്രങ്ങളോട് ഒറ്റയ്ക്ക് പോരാടുന്ന ഒരു നേതാവിന്റെ പ്രതിച്ഛായയാണ് ഈ ചിത്രത്തിലൂടെ വിജയ് ലക്ഷ്യമിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ഒരു ജനകീയ നേതാവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം സിനിമയിൽ ഉണ്ടായേക്കാം.

ഡിഎംകെയുടെ മറുപടിയോ 'പരാശക്തി'?

വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ഡിഎംകെ നൽകുന്ന കൗണ്ടർ നരേറ്റീവായാണ് 'പരാശക്തി' വിലയിരുത്തപ്പെടുന്നത്. തമിഴ് രാഷ്ട്രീയ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയ പേരാണ് 'പരാശക്തി'. 1952-ൽ എം. കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ 'പരാശക്തി' ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. പുതിയ 'പരാശക്തി' തമിഴ്നാടിന്റെ ചരിത്രപ്രധാനമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദ്രാവിഡ സ്വത്വത്തെയും ഭാഷാപരമായ അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം യുവാക്കൾക്കിടയിൽ ദ്രാവിഡ ചിന്തകൾക്ക് വീണ്ടും ജീവൻ നൽകുമെന്ന് കരുതപ്പെടുന്നു.

പിന്നിലെ രാഷ്ട്രീയ ശക്തികൾ: ഈ രണ്ട് സിനിമകളുടെയും നിർമ്മാണവും വിതരണവും ശ്രദ്ധിച്ചാൽ ഇതിലെ രാഷ്ട്രീയ വ്യക്തമാകും. 'പരാശക്തി' നിർമ്മിച്ചിരിക്കുന്നത് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ അടുത്ത അനുയായിയായ ആകാശ് ഭാസ്കരന്റെ ഡോൺ പിക്ചേഴ്സ് ആണ്. വിതരണം ഉദയനിധിയുടെ തന്നെ റെഡ് ജയിന്റ് മൂവീസും. വിജയ്‌യുടെ 'ജനനായകനെ' നേരിടാൻ ഡിഎംകെ കേന്ദ്രങ്ങൾ ഈ പീരിയഡ് ഡ്രാമയെ ഉപയോഗിക്കുന്നു എന്നാണ് സംസാരം. നേരത്തെ ജനുവരി 14-ന് തീരുമാനിച്ചിരുന്ന പരാശക്തിയുടെ റിലീസ് പെട്ടെന്ന് ജനുവരി 10-ലേക്ക് മാറ്റിയത് വിജയ് ചിത്രത്തിന് വെല്ലുവിളി ഉയർത്താനാണെന്നും റിപ്പോർട്ടുകളുണ്ട്.

സിനിമയും രാഷ്ട്രീയവും:

തമിഴ്നാട്ടിലെ പ്രേക്ഷകർക്ക് സിനിമയും രാഷ്ട്രീയവും വേർതിരിക്കാനാവാത്ത ഒന്നാണ്. ആരാധകർ 'ജനനായകനായി' കാത്തിരിക്കുമ്പോൾ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ സാംസ്കാരിക പാരമ്പര്യം ഓർമ്മിപ്പിക്കാനാണ് 'പരാശക്തി' ശ്രമിക്കുന്നത്. 550 മുതൽ 600 വരെ സ്‌ക്രീനുകളിൽ ഇരു ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെടും. ഈ പൊങ്കൽ മത്സരത്തിൽ ആര് ജയിക്കുമെന്നത് 2026-ലെ രാഷ്ട്രീയ കാലാവസ്ഥയെപ്പോലും സ്വാധീനിച്ചേക്കാം.

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളുടെ പോരാട്ടത്തിനപ്പുറം, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യവും വിജയ് മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് തമിഴകം വേദിയാകുന്നത്. വെള്ളിത്തിരയിലെ ഈ യുദ്ധം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറുകയാണ്.

അതേസമയം, ഈ പോരാട്ടത്തിന് തൊട്ടുമുമ്പ് വിജയ്‍യെ പ്രശംസിച്ചുകൊണ്ട് രവി മോഹൻ രംഗത്തെത്തിയത് സിനിമാ ലോകത്ത് വലിയ വാർത്തയായിട്ടുണ്ട്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രവി മോഹൻ വിജയ്ക്ക് വിജയാശംസ നേർന്നത്.

"ദളപതി വിജയിച്ചിരിക്കുന്നു! വിജയ് അണ്ണാ, എന്നെ സംബന്ധിച്ച് താങ്കൾ ഇതിനോടകം വിജയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും. ട്രെയിലർ ഏറെ ഇഷ്ടമായി. ഞാനുൾപ്പെടെ പലരുടെയും ഹൃദയം കീഴടക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നുറപ്പുണ്ട്. താങ്കളുടെ എക്കാലത്തെയും ആരാധകനും സഹോദരനുമാണ് ഞാൻ. സംവിധായകൻ എച്ച്. വിനോദിനും മുഴുവൻ അണിയറപ്രവർത്തകർക്കും വിജയാശംസ നേരുന്നു." രവി മോഹൻ പറഞ്ഞു.