കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ഒരുക്കുന്ന 'പാട്രിയറ്റി'ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ. പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ചിത്രത്തിന്റെ 'സെക്കൻഡ് ലുക്ക്' പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പുറത്തുവന്ന പോസ്റ്ററിൽ അതീവ മാസ് ലുക്കിലാണ് മൂവരും പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബൻ ഓടിക്കുന്ന വാഹനത്തിന്റെ സൺറൂഫിന് മുകളിലൂടെ വെടിയുതിർക്കാൻ ലക്ഷ്യം വെക്കുന്ന മോഹൻലാലിനെയും, മുൻസീറ്റിലെ വിൻഡോയിലൂടെ തോക്ക് ചൂണ്ടിയിരിക്കുന്ന മമ്മൂട്ടിയെയുമാണ് പോസ്റ്ററിൽ കാണുന്നത്. മൂവരുടെയും 'റഫ്' ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

നേരത്തെ കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നപ്പോൾ പാട്രിയറ്റിനെതിരെ വലിയ തോതിൽ ട്രോളുകൾ ഉയർന്നിരുന്നു. തമിഴ് സിനിമയുടെ അത്ര നിലവാരം പാട്രിയറ്റിന്റെ പോസ്റ്ററുകൾക്കും ട്രെയിലറിനും ലഭിച്ചില്ലെന്നായിരുന്നു പരിഹാസം. എന്നാൽ പുതിയ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ തമിഴ് സിനിമയോട് കിടപിടിക്കുന്ന മേക്കിങ് തന്നെയാണ് പാട്രിയറ്റിന്റേതെന്ന് ആരാധകർ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ ഉയർന്ന ട്രോളുകൾക്കുള്ള മറുപടിയാണ് ഈ മാസ് പോസ്റ്ററെന്നാണ് സൈബറിടത്തിലെ സംസാരം.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും. നയൻതാര, ഫഹദ് ഫാസിൽ, രഞ്ജി പണിക്കർ, സെറീൻ ഷിഹാബ്, ഷഹീൻ സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. കൊച്ചിക്ക് പുറമേ ഡൽഹി, ഹൈദരാബാദ്, ലഡാക്ക്, ഷാർജ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.