- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററുകളെ പൊട്ടിച്ചിരിപ്പിച്ച ഷറഫുദ്ദീൻ-അനുപമ പരമേശ്വരൻ കൊമ്പോയുടെ കോമഡി എന്റർടൈനർ; ‘ദി പെറ്റ് ഡിറ്റക്ടീവ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് നവംബർ 28 മുതൽ
കൊച്ചി: ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായെത്തിയ 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്. പ്രണീഷ് വിജയൻ സംവിധാനം ചെയ്ത ഈ കോമഡി എന്റർടൈനർ ചിത്രം ഈ മാസം 28 മുതൽ സീ 5 പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. സിനിമയുടെ അണിയറപ്രവർത്തകരും ഒടിടി പ്ലാറ്റ്‌ഫോമും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വളർത്തുനായയെ കണ്ടെത്താനുള്ള കേസ് അന്താരാഷ്ട്ര മാഫിയയുടെയും തട്ടിക്കൊണ്ടുപോകൽ സംഘങ്ങളുടെയും കുഴഞ്ഞുമറിഞ്ഞ ലോകത്തേക്ക് എത്തിച്ചേരുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
ടോണി ജോസ് ആലൂല എന്ന ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെയാണ് ഷറഫുദ്ദീൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ പ്രണയിനിയുടെ (അനുപമ പരമേശ്വരൻ അവതരിപ്പിച്ച കൈകേയി) അച്ഛന്റെ പ്രീതി നേടാനായിട്ടാണ് ടോണി ഈ 'പെറ്റ് ഡിറ്റക്ടീവ്' ജോലി ഏറ്റെടുക്കുന്നത്. കോമഡിയും ആക്ഷനും സമന്വയിപ്പിച്ച ഈ ചിത്രം പ്രേക്ഷകരെ അധികം ചിന്തിപ്പിക്കാതെ ചിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മലയാള സിനിമയിൽ അപൂർവ്വമായി കാണുന്ന 'സ്ലാപ്സ്റ്റിക്' കോമഡി ശൈലി പ്രിയദർശൻ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പ്രണീഷ് വിജയൻ കൈകാര്യം ചെയ്തിട്ടുണ്ട്.
ഒക്ടോബർ 16-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. മറ്റു വലിയ റിലീസുകൾക്കൊപ്പം എത്തിയിട്ടും കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ 'ദി പെറ്റ് ഡിറ്റക്ടീവിന്' സാധിച്ചു. നായകൻ ഷറഫുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനും ചേർന്നാണ് നിർമ്മാണം.
ഷറഫുദ്ദീൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർക്കൊപ്പം വിനായകൻ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ജോമോൻ ജ്യോതിർ, വിജയരാഘവൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പ്രണീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ രചിച്ചത്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും അഭിനവ് സുന്ദർ നായക് എഡിറ്റിംഗും നിർവ്വഹിച്ചപ്പോൾ, രാജേഷ് മുരുഗേശനായിരുന്നു ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.




