കൊച്ചി: നിവിൻ പോളി ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസായ 'ഫാർമ' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. പി. ആർ. അരുൺ സംവിധാനം ചെയ്യുന്ന ഈ മെഡിക്കൽ ഡ്രാമ സീരീസ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 'കമിംഗ് സൂൺ' പോസ്റ്ററുകൾ പ്രേക്ഷകരിൽ ആകാംഷ വർദ്ധിപ്പിച്ചു കഴിഞ്ഞു. വെബ് സീരീസിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

'ഫൈനൽസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി. ആർ. അരുൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഫാർമ', യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ ധാർമികതയുടെയും അതിജീവനത്തിന്റെയും കഥയാണ് സീരീസ് പറയുന്നത്. ഒരു സാധാരണ മെഡിക്കൽ റെപ്രസന്റേറ്റീവായിട്ടാണ് നിവിൻ പോളി ഈ സീരീസിൽ എത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം കോർപ്പറേറ്റ് സമ്മർദ്ദങ്ങൾക്കും ധാർമ്മിക പ്രതിസന്ധികൾക്കും ഇടയിൽ നടത്തുന്ന പോരാട്ടങ്ങൾ പ്രമേയമാക്കുന്നു.

ബോളിവുഡ് നടൻ രജിത് കപൂർ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും 'ഫാർമ'യ്ക്കുണ്ട്. കൂടാതെ, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു തുടങ്ങിയ വലിയൊരു താരനിരയും സീരീസിൽ അണിനിരക്കുന്നു. 2024-ലെ 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) 'ഫാർമ'യുടെ ആദ്യ എപ്പിസോഡിന്റെ വേൾഡ് പ്രീമിയർ നടന്നിരുന്നു. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ സീരീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.