- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയപ്പോരിന്റെ കഥയുമായി ബിഗ് ബജറ്റ് ചിത്രം; ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'; ട്രെയ്ലർ പുറത്ത്

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രതിഛായ'യുടെ ടൈറ്റിലും ട്രെയിലറും പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ലോഞ്ച് ചടങ്ങിൽ സൂപ്പർതാരം മോഹൻലാൽ ആയിരുന്നു മുഖ്യാതിഥി. നിവിൻ പോളിയുടെ കരിയറിലെ ഒരു വഴിത്തിരിവായേക്കാവുന്ന ചിത്രമെന്ന പ്രതീക്ഷയാണ് പുറത്തുവന്ന ട്രെയിലർ നൽകുന്നത്. കേരളത്തിൽ അടുത്തിടെ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് 'പ്രതിഛായ'.
സമീപകാലത്ത് മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ഒരു ഴോണർ കൂടിയാണിത്. സിനിമാ ജീവിതത്തിന്റെ അൻപതാം വർഷത്തിൽ ബാലചന്ദ്ര മേനോൻ ശക്തമായ ഒരു കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ശ്രീ ഗോകുലം മൂവീസ്, ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പി. എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു ബിഗ് ബജറ്റ് ചിത്രമായ ഇതിൽ വൻ താരനിര അണിനിരക്കുന്നുണ്ട്.
നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയധികം ആളുകളെ അണിനിരത്തിക്കൊണ്ടുള്ള വലിയ രംഗങ്ങൾ മലയാള സിനിമയിൽ മുമ്പ് അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ വെച്ചുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു. ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർ.ജെ. വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസാണ്. എഡിറ്റർ മനോജ് സി എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അരോമ മോഹൻ, ആർട്ട് ഡയറക്ടർ അജി കുറ്റ്യാനി, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ സുഗീഷ് എസ് ജി, പിആർഒ സതീഷ് എരിയാളത്ത്, സ്റ്റിൽസ് അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.


